പട്ടാപ്പകല്‍ ഓട് പൊളിച്ച് മോഷണം; ഒന്നര ലക്ഷം രൂപയും അഞ്ചു പവനും കവര്‍ന്നു
അരൂര്‍: പട്ടാപ്പകല്‍ ഓട് പൊളിച്ച് മോഷണം നടത്തി. വീടിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചു പവനും കവര്‍ന്നു. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടുവിലപ്പറമ്പില്‍ ശാന്തകുമാരിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണ്ണവും രൂപയും കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മോഷണം നടന്നത്. വീട്ടിലുള്ളവര്‍ ഉത്സവത്തിനു പോയ സമയത്താണ് സംഘം അകത്തുകയറിയത്. ശാന്തമ്മയുടെ മകള്‍ ഗീത ഉത്സവത്തിന് പോകുന്നതിന് വീട്ടില്‍ എത്തിയപ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗും വീടിനുള്ളില്‍ സൂക്ഷിച്ചശേഷമാണ് പുറത്തേക്ക് പോയത്. പന്ത്രണ്ടരയോടെ പുറത്തുപോയ ഇവര്‍ രണ്ട് മണിക്ക് മുന്‍പായി തിരിച്ചുവന്നപ്പോഴാണ് പുട്ടിയിട്ടിരുന്ന വീടിന്റെ വാതിലുകള്‍ തുറന്ന് കിടക്കുന്നതായി കണ്ടത്. വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായിരുന്നു പണം. കിടപ്പുമുറിയിലെ രണ്ട് അലമാരകളും ബാഗുകളും തുറന്ന് അതിനുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരി പരിശോധന നടത്തി. ഉച്ച സമയത്ത് രണ്ട് പേര് വീടിന്റെ സമീപത്തുനിന്ന് പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്ന് ഹരീഷ്, സജീബ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും പി.ശീതളിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്ക് വിദഗ്ദ്ധരും ഫിങ്കര്‍ പ്രിന്റ് എക്സ്പേര്‍ട്ട് ജി.അജിത്തിന്റെയും ഫോട്ടോഗ്രാഫര്‍ രാമചന്ദ്രന്റെയും നേതൃത്വത്തില്‍ വീട്ടിലെത്തി പരിശോധിച്ചു. ചേര്‍ത്തല ഡി.വൈ.എസ്.പി. എ.ജി.ലാല്‍, കുത്തിയതോട് സി.ഐ. കെ.സജീവ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."