ഇന്ത്യ-യു.എസ് വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണ
ഒസാക്ക (ജപ്പാന്‍): വ്യാപാരരംഗത്ത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമ്മതിച്ചു. ഇതിനായി ഇരു രാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാര്‍ തമ്മില്‍ വൈകാതെ കൂടിക്കാഴ്ച നടത്തും.
വ്യാപാരരംഗത്ത് നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപ് മോദിയോട് പറഞ്ഞു. നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ഉറ്റബന്ധമുണ്ടായിട്ടില്ലെങ്കിലും നാം വലിയ സുഹൃത്തുക്കളായി മാറിയിരിക്കുന്നു. നമുക്ക് വന്‍ വ്യാപാര ഇടപാടുകള്‍ പ്രഖ്യാപിക്കാനുണ്ട്. വിശേഷിച്ച് നിര്‍മാണരംഗത്ത്- ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപുമായുള്ള ചര്‍ച്ചയെ വളരെ വ്യാപ്തിയുള്ളത് എന്ന് മോദി വിശേഷിപ്പിച്ചു. യു.എസുമായി സാമ്പത്തിക-സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം തുടര്‍ന്നു. പ്രതിരോധ-സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയുടെ കരുത്ത് പരമാവധി ഉപയോഗപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധരംഗത്തെ ബന്ധങ്ങള്‍, ജി5 കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്, ഇറാന്‍ ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും ചര്‍ച്ചയായി.
സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യയിലും ഡിസൈനിങിലും 5ജി വിപണിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതില്‍ ശ്രദ്ധ ഊന്നുന്നതായി മോദി പറഞ്ഞു. എങ്ങനെ ഇതിനെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കാം എന്നാണ് നോക്കുന്നത്. ചൈനയിലെ ടെലികോം ഭീമന്‍ വാവെയുടെ ഫോണ്‍ രാജ്യത്ത് നിരവധി പേര്‍ക്ക് വിറ്റ സാഹചര്യത്തില്‍ അതും ചര്‍ച്ചയില്‍ വന്നു. യു.എസ് സഖ്യരാജ്യങ്ങളെ വാവെയുടെ 5ജി ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
ഇറാന്‍ വിഷയവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിയതോടെ ഊര്‍ജവിതരണരംഗത്തുണ്ടായ പ്രതിസന്ധി യു.എസിനെ ധരിപ്പിച്ചു. ഇറാന്റെ സ്ഥിരത ഊര്‍ജ ആവശ്യത്തിനപ്പുറം ഗള്‍ഫിലെ 80 ലക്ഷം ഇന്ത്യക്കാരുടെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മേഖലയില്‍ സ്ഥിരത നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
അതേസമയം, റഷ്യയുടെ എസ്-400 വിമാനവേധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ല. എസ്-400 വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ നേരത്തെ യു.എസ് ഉപരോധഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ റഷ്യയില്‍നിന്ന് പ്രതിരോധസംവിധാനം വാങ്ങുന്നതില്‍ ദേശീയ താല്‍പര്യത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വ്യാപാരരംഗത്ത് ഇന്ത്യക്കുള്ള ദീര്‍ഘകാലത്തെ ഇളവുകള്‍ ജൂണ്‍ ഒന്നു മുതല്‍ യു.എസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് 28 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തി ഇന്ത്യ ഈ മാസം തന്നെ തിരിച്ചടിച്ചിരുന്നു. അതിനിടെ മറ്റു വികസ്വര രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ നികുതിനിരക്ക് അത്ര ഉയര്‍ന്നതല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യതാല്‍പര്യങ്ങള്‍ ബലികഴിച്ച് ഒരു വ്യാപാരചര്‍ച്ചക്കും സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വാണിജ്യ- വ്യവസായമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."