'ഇസ്റാഈൽ എംബസി, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വ്വീസ്, വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം' ഇസ്റാഈലുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈൻ
മനാമ: ഇസ്റാഈലുമായുള്ള ബന്ധം ശക്തമാക്കാന്‍ ബഹ്‌റൈൻ തയ്യാറെടുത്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇതിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഇസ്റാഈൽ എംബസി ഉടൻ പ്രവർത്തനം ആരംഭിക്കും, കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചരക്ക് സർവീസുകൾ ഉൾപ്പെടെയുള്ള വിമാന സര്‍വ്വീസുകളും ആരംഭിക്കും.
2021 ഓടെ ബഹ്‌റൈനിൽ നിന്ന് ടെൽ അവീവ്, എലത്ത്, ഹൈഫ എന്നിവിടങ്ങളിലേക്കും ഇസ്റാഈലിലേക്ക് തിരിച്ചും 14 സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ടെൽ അവീവിൽ അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്റാഈൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കൂടിക്കാഴ്ചയെത്തുടർന്നാണ് ബഹ്‌റൈൻ പ്രതിനിധി സംഘം ഇസ്റാഈൽവിദേശകാര്യ മന്ത്രി ഗാബി അഷ്‌കിനാസിയെ ബഹ്‌റൈൻ സന്ദർശിക്കാന്‍ ക്ഷണിച്ചത്.
കൂടിക്കാഴ്ചയില്‍ ഇരു രാഷ്ട്രങ്ങളിലെയും വിദേശ കാര്യമന്ത്രിമാര്‍ക്കു പുറമെ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും പങ്കെടുത്തിരുന്നു.
വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യാപാരം, വിനോദം, സഞ്ചാരം, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം. സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."