കളിക്കിടയിലെ ഈച്ചക്കാര്യം
ലണ്ടന്‍: ഇന്നലെ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം കണ്ടിരുന്നവരെല്ലാം പെട്ടെന്ന് പകച്ച് പരിഭ്രാന്തരായി. ലങ്കയുടെ ബാറ്റിങ്ങിനിടെ 48-ാം ഓവറില്‍ താരങ്ങളും അമ്പയര്‍മാരും എല്ലാവരും ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികളും ടി.വിയില്‍ കളി കാണുന്നവരും പരസ്പരം നോക്കി നിന്നു.
എന്നാല്‍ പിന്നീടാണറിഞ്ഞത് ഗ്രൗണ്ട് മുഴുവന്‍ തേനീച്ചകള്‍ കൈയടക്കിയതാണെന്ന്. ഇതോടെ എല്ലാവരുടെ മുഖത്തേയും ഭീതി മറഞ്ഞ് ചിരി വിടര്‍ന്നു. ഇസ്റു ഉദാനയും സുരംഗ ലക്മലും ബാറ്റ് ചെയ്യുന്നതിനിടെയാണ് തേനീച്ചകള്‍ കൂട്ടത്തോടെ ക്രീസിലെത്തിയത്. ഇതോടെ എല്ലാവരും തേനീച്ചകളുടെ കുത്തേല്‍ക്കാതിരിക്കാന്‍ കമിഴ്ന്ന് കിടന്നു. ഉടനെ അമ്പയറും ബൗള്‍ ചെയ്തിരുന്ന ക്രിസ്മോറിസും ക്രീസിലുണ്ടായിരുന്ന ഇസ്റു ഉദാനയും സുരംഗ ലക്മലും ഗ്രൗണ്ടില്‍ കമിഴ്ന്ന് വീണു.
അല്പനേരം എല്ലാവരെയും വട്ടംകറക്കിയാണ് ഈച്ചകള്‍ കൂട്ടത്തോടെ പുറത്ത് പോയത്. 2017 ല്‍ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടക്കും സമാന സംഭവം നടന്നിരുന്നു. അന്നും താരങ്ങള്‍ ഗ്രൗണ്ടില്‍ കിടന്നാണ് തേനീച്ചകളെ പ്രതിരോധിച്ചത്. 2008ല്‍ ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ടെസ്റ്റിനിടെ തേനീച്ചകള്‍ കളി മുടക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."