കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ, രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടു പോയാല്‍ എതിര്‍ക്കും: എ വിജയരാഘവന്‍
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണം അട്ടിമറിയ്ക്കാനുള്ള ശ്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണ്. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനരീതി നോക്കിയാല്‍ മുഖ്യമന്ത്രിയെത്തന്നെ കേസുകളില്‍ കുടുക്കാനാവുമോ എന്ന് തരത്തിലുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിച്ചാണ് ഏത് അന്വേഷണ ഏജന്‍സിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരും.
തെറ്റായ മാര്‍ഗം ഉപയോഗിച്ച് മൊഴികള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു എന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തുവന്ന സംഭാഷണം ഏജന്‍സികള്‍ പരിശോധിക്കട്ടെയെന്നും ചോദ്യത്തിനു മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ശ്രമങ്ങള്‍ പരിധി ലംഘിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ മികച്ച ആസൂത്രണമാണ് ബി.ജെ.പി പ്രകടിപ്പിച്ചത്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ അധികാര ദുര്‍വിനിയോഗം നടത്താന്‍ വട്ടമിട്ടു പറക്കുകയാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഭരണനേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ഏജന്‍സികള്‍ കൂട്ടായി ശ്രമിക്കുന്നു. ബഹുജനാഭിപ്രായം രൂപപ്പെടുത്തി ഇതിനെ പ്രതിരോധിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."