മത്സ്യത്തൊഴിലാളികളെ അവഹേളിച്ചതായി പരാതി
നീണ്ടകര: പ്രളയ ദുരന്തത്തില്‍ അനേകരെ രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളെ വിളിച്ചുവരുത്തി അവഹേളിച്ചതായി നീണ്ടകര പുത്തന്‍തുറ അരയ സേവാ സമിതി ആരോപിച്ചു.
മത്സ്യത്തൊഴിലാളികളെ ആദരിക്കല്‍ എന്ന പേരില്‍ ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി എന്ന സംഘടനയും പ്രമുഖ ചാനലും കൂടിയാണ് തങ്ങളെ അവഹേളിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഓഫിസില്‍ ആദരിക്കല്‍ ചടങ്ങിനെത്തണമെന്ന് കത്ത് നല്‍കിയിരുന്നു. പുത്തന്‍തുറയില്‍ നിന്നുള്ള 45-ല്‍പരം മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 59-പേര്‍ തിരുവനന്തപുരത്തെത്തി.
എന്നാല്‍ 45-പേര്‍ മാത്രം അകത്ത് ഇരിക്കാനും മറ്റുള്ളവര്‍ പുറത്ത് പോകണമെന്നും ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ചാനല്‍ നടത്തുന്ന കോമഡി ഷോയില്‍ പങ്കെടുക്കാനും കൈയടിക്കാനുമാണ് നിങ്ങളെ ക്ഷണിച്ചതെന്നും മറ്റുള്ളവര്‍ പുറത്ത് പോകണമെന്നും കോമഡി പരിപാടിയുടെ അവതരാകനും പ്രശസ്ത ചലച്ചിത്ര നടനും ദേഷ്യത്തോടെ പറഞ്ഞെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരു പോലെ പ്രശംസിച്ച മത്സ്യത്തൊഴിലാളികളെ അവഹേളിക്കാനാണ് ചാനലും ചലച്ചിത്ര താരവും ഇതിലൂടെ ചെയ്തത്. ഒരു ദിവത്തെ തൊഴില്‍ നഷ്ടപ്പെടുത്തി ആദരവ് ഏറ്റ് വാങ്ങാന്‍ വന്ന തങ്ങളോട് കാണിച്ചത് തീര്‍ത്തും അംഗീകരിക്കാനാകില്ലന്നും ഇവര്‍ പറയുന്നു.ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും സമിതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."