സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തൊടുപുഴ: ജൂണ്‍ അവസാനിക്കുമ്പോഴും മഴയില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് ചേരുന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും.
ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ് ഷെഡിങ്, പവര്‍ കട്ട് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. വന്‍ വില കൊടുത്ത് പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കേണ്ടി വന്നാല്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്യും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ മാത്രമേ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ കഴിയൂ.
ആഭ്യന്തര ഉല്‍പാദനത്തിലെ കുറവ് നികത്താന്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കേരളം തയാറാണെങ്കിലും എത്തിക്കാനുള്ള മാര്‍ഗമില്ലാത്തതാണ് തിരിച്ചടി. 400 കെ.വി. തിരുന്നല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാനാകൂ. കേവലം 650 മീറ്റര്‍ ദൂരത്തില്‍ ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് തടസം. ഇത് യാാഥാര്‍ത്ഥ്യമായാല്‍ 3500 മെഗാവാട്ട് വരെ പുറത്തുനിന്നും എത്തിക്കാനാകും.
കൂടംകുളം വൈദ്യുതിയും തടസമില്ലാതെ എത്തിക്കാം. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണിത്. ലൈന്‍ കമ്മിഷന്‍ ചെയ്യാന്‍ സാധ്യമായ നടപടികള്‍ സംബന്ധിച്ചും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. സതേണ്‍ ഗ്രിഡില്‍ നിന്നും 2850 മെഗാവാട്ട് വരെ എടുക്കാനാണ് നിലവില്‍ കേരളത്തിന് ശേഷിയുള്ളത്.
സമീപകാലത്തെങ്ങും നേരിടാത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തെ ഊര്‍ജ മേഖല നേരിടുന്നത്. 2017 - 18 കാലഘട്ടത്തില്‍ സമാന സാഹചര്യം ഉണ്ടായെങ്കിലും ജൂണ്‍ പകുതി പിന്നിട്ടപ്പോള്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരുന്നു. എന്നാല്‍ ഇക്കുറി ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ 158.95 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. 773.46 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്താണിത്. മഴ നാമമാത്രമായതോടെ ചൂട് വര്‍ധിച്ചതിനാല്‍ വൈദ്യുതി ഉപയോഗവും ഉയരുകയാണ്.
75.697 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. ഇതില്‍ 65.67 ദശലക്ഷം പുറത്തുനിന്നും എത്തിച്ചപ്പോള്‍ 10.22 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം. 462.664 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത്. ഇത് ശേഷിയുടെ 11 ശതമാനമാണ്.
ഇന്ന് രാവിലെ 11 ന് കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ് പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന ഫുള്‍ ബോര്‍ഡ് യോഗത്തില്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി എന്നിവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."