അമിത്ഷായുടെ 'ചാണക്യതന്ത്രം' പണ്ടേപോലെ ഫലിക്കുന്നില്ല; ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരും
ന്യൂഡല്‍ഹി: രോഗം ബാധിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയിലായതോടെ പുതിയ ആളെ നിയമിക്കാനാവാതെ ബി.ജെ.പി. മനോഹര്‍ പരീക്കറിനെ മാറ്റി പുതിയൊരാളെ കൊണ്ടുവരാന്‍ ആഴ്ചകളായി ചര്‍ച്ച നടത്തിയെങ്കിലും സഖ്യകക്ഷികള്‍ പിരിഞ്ഞുപോവുമെന്ന ഭീഷണി വന്നതോടെ പിന്‍വലിഞ്ഞു. മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഞായറാഴ്ച അമിത്ഷാ പ്രഖ്യാപിച്ചു.
യു.എസില്‍ പരിശോധന കഴിഞ്ഞെത്തിയ മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസിലേക്കു മാറ്റിയതു മുതലാണ് ബി.ജെ.പിയില്‍ പ്രതിസന്ധി തുടങ്ങിയത്. സംസ്ഥാനത്ത് പുതിയ നേതൃത്വം കൊണ്ടുവരാന്‍ ബി.ജെ.പി ദേശീയനേതാക്കള്‍ ഗോവയിലെത്തി. പകരമൊരാളെ കണ്ടെത്താനാവാത്തതോടെ അമിത്ഷാ തന്നെ നേരിട്ട് ഇടപെട്ടു. അതിനിടയില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണുകയും ചെയ്തു.
ഇതോടെ സഖ്യകക്ഷികള്‍ ചോര്‍ന്നുപോകുമോയെന്ന് അമിത്ഷായും ബി.ജെ.പിയും ഭയന്നു. ഇതാണ് തല്‍സ്ഥിതി തന്നെ തുടരട്ടേയെന്ന് തീരുമാനിക്കാന്‍ കാരണം. നാലാമത്തെ പ്രാവശ്യമാണ് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കാബിനറ്റിലും വകുപ്പിലും മാറ്റങ്ങളുണ്ടാവുമെന്നും അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗോവയില്‍ സര്‍ക്കാര്‍ തകര്‍ന്നാല്‍ തിരിച്ചടിയാവുമെന്ന ഭയമാണ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന മന്ത്രിക്ക് സ്ഥാനം നല്‍കണമെന്ന് ബി.ജെ.പിയുമായി സഖ്യത്തിലുള്ള മഹാരാഷ്ട്രവാദി ഗൊമാന്തക് പാര്‍ട്ടി (എം.ജി.പി) ആവശ്യമുന്നയിച്ചിരുന്നു. ഇതോടെയാണ് ബി.ജെ.പി പ്രതിരോധത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."