തൊഴില്‍ സാഹചര്യങ്ങള്‍; നിയമത്തിന്റെ കരട് പുറത്തിറക്കി
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ നിയമം 2020ന്റെ കരട് രൂപം തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. കരട് നിയമത്തിന്‍ മേലുള്ള പരാതികളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്കു 45 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാം.
തുറമുഖങ്ങളില്‍ ജോലിചെയ്യുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, ഖനികളില്‍ ജോലി ചെയ്യുന്നവര്‍, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, ശബ്ദ, ദൃശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സെയില്‍സ് പ്രൊമോഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരട് നിയമത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
നിയമം പ്രാബല്യത്തില്‍ വന്നു മൂന്നു മാസത്തിനുള്ളില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ക്ക് നിര്‍ദിഷ്ട മാതൃകയിലുള്ള അപ്പോയിന്‍മെന്റ് ലെറ്റര്‍, തുറമുഖങ്ങള്‍, വ്യവസായശാലകള്‍, ഖനികള്‍, നിര്‍മാണ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു പോയിവരാനുള്ള ചെലവ്, സ്ഥാപനങ്ങള്‍ക്ക് സിംഗിള്‍ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍, ലൈസന്‍സ്, വാര്‍ഷിക സമഗ്ര റിട്ടേണുകള്‍, അഞ്ചു വര്‍ഷത്തിലധികമായി ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കരാര്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ദേശീയതലത്തില്‍ ഒറ്റ ലൈസന്‍സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നിയമം.
വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി കരാറുകാര്‍ക്കു തീരുമാനിക്കാം. എന്നാല്‍, ഇത് ഒരു മാസത്തില്‍ കൂടാന്‍ പാടില്ല. വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച ഏഴു ദിവസത്തിനുള്ളില്‍ വേതന വിതരണം നടത്തണം.
ഇലക്ട്രോണിക് രീതിയില്‍ മാത്രമേ വേതന വിതരണം നടത്താവൂ. അഞ്ഞൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."