തലശ്ശേരി- മൈസൂര്‍ റെയില്‍പാത;ഹര്‍ത്താലിനെ തള്ളി വ്യാപാരികളും രാഷ്ട്രീയപാര്‍ട്ടികളും
തലശ്ശേരി: തലശ്ശേരി - മൈസൂര്‍ റെയില്‍പാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിയല്ലെന്നും റെയില്‍പാതാ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും വ്യാപാരി സംഘടനകളും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചിലര്‍ തലശ്ശേരി- മൈസൂര് റെയില്‍വേയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ആറ് പതിറ്റാണ്ടായി നിശബ്ദമായി കിടന്നിരുന്ന തലശ്ശേരി മൈസൂര്‍ റെയില്‍വേ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ചില വ്യക്തികള്‍ മാത്രം ചേര്‍ന്ന് ഇത്രയും ഗൗരവതരമായ വിഷയത്തെ ഹര്‍ത്താല്‍ പോലുള്ള ജനവിരുദ്ധ ഇടപെടലുകള്‍ നടത്തി നേടിയെടുക്കാമെന്ന് കരുതുന്നത് ശരിയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി നേരിട്ട് തന്നെ തലശ്ശേരി- മൈസൂര്‍ റെയില്‍വേ പ്രായോഗികമാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനശ്രദ്ധയെ ആകര്‍ഷിക്കുന്നത് പൊതുസ്വീകാര്യ രീതിയല്ലെന്നും വരുന്ന 27ന് സ്ഥലം എം.എല്‍.എ ഇതു സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും സി.പി.എം വ്യക്തമാക്കി. അവസാനഘട്ടത്തില്‍ സ്വീകരിക്കേണ്ട ഹര്‍ത്താല്‍ പോലുള്ള സമരരീതികള്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രഖ്യാപിക്കുക വഴി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയായിയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ പ്രസി.സി.സി വര്‍ഗ്ഗീസ് പറഞ്ഞു.
വികസനത്തിന് ആരും ഇത്തരമൊരു പരിതാവസ്ഥയില്‍പോലും എതിരല്ലെന്നും എന്നാല്‍ ജനങ്ങളെ തീര്‍ത്തും ബുദ്ധിമുട്ടിലാക്കുകയും ചില ഭൂപ്രദേശങ്ങള്‍ പൂര്‍ണ്ണമായും വിവിധ ഭാഗങ്ങളായി മുറിച്ചുകളയുകയും ചെയ്യുന്ന പ്രക്രിയകളെ സംശയത്തോടെ വിലയിരുത്തേണ്ടതുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പൊതുഅഭിപ്രായ ക്രമീകരണത്തിലൂടെ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് പകരം ഏകപക്ഷീകമായ ഹര്‍ത്താലുകളും മറ്റും യഥാര്‍ഥത്തില്‍ മറ്റ് താല്‍പര്യങ്ങളെ സാധൂകരിക്കാനാണെന്ന സംശയങ്ങളും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. 27ന് സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്ത സാഹചര്യത്തില്‍ ഹര്‍ത്താലില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോ. ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."