ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അദര്‍ പുനെവാല അറിയിച്ചു. നിര്‍ബന്ധമായും എടുത്തിരിക്കേണ്ട രണ്ടു ഡോസിന് പരമാവധി വില ആയിരം രൂപയായിരിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാകും മുന്‍ഗണന. പിന്നാലെ സാധാരണക്കാര്‍ക്കും നല്‍കും. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദര്‍ പുനെവാല ഇക്കാര്യം അറിയിച്ചത്.
വിതരണം ചെയ്യുംമുന്‍പ് അന്തിമ പരീക്ഷണം പൂര്‍ത്തിയാക്കി വിതരണത്തിനുള്ള അനുമതി ലഭ്യമാക്കും. 2024ഓടെ ഇന്ത്യയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാനാണ് നീക്കം. ജൂലൈ ആകുമ്പോഴേക്കും 40 കോടി ഡോസ് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി 56 യു.എസ് ഡോളറിന് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. കുട്ടികള്‍ക്കുള്ള വാക്‌സിനുള്ള കാത്തിരിപ്പ് നീളും. കുട്ടികളില്‍ യാതൊരുതരത്തിലും പ്രതികൂലമായി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാകും വാക്‌സിന്‍ ലഭ്യമാക്കുകയെന്നും അദര്‍ പുനെവാല പറഞ്ഞു.
അതേസമയം, ഓക്‌സ്ഫഡ് വാക്‌സിന്‍ മുതിര്‍ന്നവരില്‍ 99 ശതമാനം വിജയമെന്ന് വ്യക്തമാക്കുന്ന രണ്ടാംഘട്ട പരീക്ഷണഫലവും പുറത്തുവന്നു.
ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. 60നും 70നും മുകളില്‍ പ്രായമുള്ള 560 പേരിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."