രാജ്കുമാറിന്റെ കസ്റ്റഡി മരണം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാജ്കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിഷയത്തില്‍ ഇടുക്കി എസ്പിക്കെതിരെയാണ് പ്രതിപക്ഷം തിരിഞ്ഞിരിക്കുന്നത്.
രാജ്കുമാറിന്റെ മരണത്തില്‍ ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് ഡീന്‍ കുര്യാക്കോസ് ആരോപിക്കുന്നത്.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നതെന്നും കസ്റ്റഡിയില്‍ വച്ച് രാജ്കുമാറിനെ ഉരുട്ടിക്കൊന്നതാണെന്ന് വ്യക്തമാണെന്നും ചെന്നിത്തലയും ആരോപിച്ചു.
അത് മറച്ചു വയ്ക്കാന്‍ നാട്ടുകാരുടെ മേല്‍ കുറ്റം ചാരി വച്ച് രക്ഷപ്പെടാനാണ് ഇടുക്കി എസ്പിയടക്കം ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഒമ്പതാം ക്ലാസുവരേ പഠിച്ചയാളാണ് രാജ് കുമാര്‍. തമിഴ് മാത്രമേ അറിയൂ.അങ്ങനെയുള്ള രാജ്കുമാറിന് ഇത്തരമൊരു തട്ടിപ്പ് നടത്താനാകില്ല. അതിന് പിന്നില്‍ വലിയ കഥകളുണ്ട്. അതാരെന്ന് കണ്ടെത്തണം. നാട്ടുകാരാരും രാജ്കുമാറിനെ മര്‍ദിച്ചിട്ടില്ല. അത്തരം ആരോപണങ്ങളുന്നയിച്ച് പൊലിസിനെ സംരക്ഷിക്കാനാകില്ല. പാവപ്പെട്ട നാട്ടുകാരുടെ പേരില്‍ കേസെടുക്കരുത്. ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ നാല് പൊലിസുകാര്‍ വലിയ ദണ്ഡുപയോഗിച്ച് മര്‍ദിച്ചെന്ന് നാട്ടുകാര്‍ തന്നെ പറയുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
എസ്പി തന്നെ പൊലിസുകാരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന സാഹചര്യത്തില്‍ കേസ് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ പോരെന്നും പൊലിസിന് ഇപ്പോള്‍ ഏത് തരത്തിലുള്ള കഥയും മെനയാം. അത് ഒഴിവാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."