സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരേ തെളിവില്ലെന്നും എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ വൈരുധ്യമുണ്ടെന്നുമുള്ള സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച വാദമാണ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലും പറയുന്നത്. പ്രാഥമികമായി കേസ് ശിവശങ്കറിനെതിരേ നിലനില്‍ക്കുമെന്നും കേസില്‍ ഇ.ഡിയുടെയും ശിവശങ്കറിന്റെയും വാദങ്ങള്‍ ഈ സാഹചര്യത്തില്‍ പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ശിവശങ്കറിന്റെ ജാമ്യഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."