ബൈക്കില്‍ ഒമ്നി വാനിടിച്ച് അപകടം; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പള്ളിക്കല്‍: ദേശീയപാതയിലെ അപകടമേഖലയായ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് വളവില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ഒമ്നി വാനിടിച്ചു മറിഞ്ഞ ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഗത്തുനിന്ന് ചെട്ടിയര്മാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്നി വാന്‍ ആണ് അപകടത്തില്‍ പെട്ടത്. പൊലിസ് സ്റ്റേഷന് കഴിഞ്ഞുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാന്‍ ആദ്യം ഇടതുവശത്തേക്കും പിന്നീട് വലത്തോട്ടും തിരിയുകയുകയായിരുന്നു. വാനിന്റെ വരവ് കണ്ട് മുന്നിലും പിന്നിലും എത്തിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും വെട്ടിച്ചു മാറ്റുകയായിരുന്നുവെന്നും ഇതിനിടെയാണ് ബൈക്കില്‍ ഇടിച്ചതെന്നും ബൈക്കില്‍ നിന്നും തെറിച്ചു വീണയാള്‍ തലനാരിഴക്കാണ് എതിരേ വന്ന വാഹനം ശരീരത്തിലൂടെ കയറാതെ രക്ഷപ്പെട്ടതെന്നും മറ്റു വാഹന യാത്രക്കാരായ ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്കിലിടിച്ചു വലതു വശത്തേക്ക് പോയ വാന്‍ റോഡരികിലെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പൊലിസ് അപകടത്തിനിടയാക്കിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ചെനക്കല്‍ സ്വദേശിയായ 75 വയസുകാരനായിരുന്നു വാന്‍ ഓടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."