ചേര്‍ത്തലയില്‍ എ.കെ ആന്റണിയുടെ ജന്മവാര്ഡ് പിടിച്ചെടുത്ത് ബി.ജെ.പി
ചേര്‍ത്തല: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയുടെ ജന്മവാര്ഡ് പിടിച്ചെടുത്ത് ബി.ജെ.പി. ഉപതെരഞ്ഞെടുപ്പില്‍ ചേര്‍ത്തല നഗരസഭയിലെ യു.ഡി.എഫിന്റെ കുത്തക സീറ്റായ 29 ാം വാര്‍ഡാണ് ബി.ജെ.പി പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ഥി വി.എസ് സുരേഷ് കുമാര്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
വി.എസ് സുരേഷ് കുമാര്‍ 333 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിലെ എ. മുരളീധര ഷേണായി 295 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ ഡി. പ്രദീപ്കുമാറിന് 103 വോട്ട് മാത്രമേ നേടാനായുള്ളു. വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ജെ. രാധാകൃഷ്ണനായ്ക്കിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വാര്‍ഡ് കോണ്‍ഗ്രസിനെ കൈവിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയുടെ തറവാട് വീട് ഉള്‍പ്പെടുന്ന വാര്‍ഡാണിത്. എ.കെ ആന്റണി ഇവിടെ വോട്ടറല്ലെങ്കിലും സഹോദരനും കുടുംബത്തിനും ഈ വാര്‍ഡിലാണ് വോട്ട്. ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ 84 ശതമാനം പോളിംങ് രേഖപ്പെടുത്തിയിരുന്നു. ഗൗഡ സാരസസ്വത ബ്രാഹ്മണ സമുദയത്തിന് കൂടുതല്‍ വോട്ടുള്ള 29ാം വാര്‍ഡില്‍ മത്സരിച്ച മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും സമുദായ അംഗങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."