മൂന്ന് പതിറ്റാണ്ടിന് ശേഷം സഊദി-ഇറാഖ് അതിര്‍ത്തി തുറന്നു
റിയാദ്: മുപ്പത് വര്‍ഷം മുന്‍പ് അടച്ചു പൂട്ടിയ സഊദി-ഇറാഖ് കര അതിര്‍ത്തി തുറന്നു.
ജദീദ അറാര്‍ അതിര്‍ത്തി പോസ്റ്റാണ് സഊദിക്കുംഇറാഖിനുമിടയില് പുതു ബന്ധത്തിന് ശക്തിയേകി തുറന്നത്. ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു. ഇറാഖ് ആഭ്യന്തര മന്ത്രി ഉസ്മാന് അല്ഗാനിമിയുടെ നേതൃത്വത്തിലുള്ള സംഘവും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നാലാമത് സഊദി-ഇറാഖ് ഏകോപന സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് അതിര്‍ത്തി തുറന്നത്. ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എളുപ്പമാക്കും.
കൊറോണ വ്യാപനം നേരിടുന്നതിന് ഇറാഖി ജനതക്കുള്ള മെഡിക്കല്‍ വസ്തുക്കളും ഉപകരണങ്ങളും അടങ്ങിയ സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉപഹാരം വഹിച്ച വാഹന വ്യൂഹം ജദീദ അറാര്‍ അതിര്‍ത്തി പോസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഊദി അറേബ്യ ഇറാഖിലേക്ക് അയച്ചു.
1990 ല്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ സൈന്യം അയല്‍ രാജ്യമായ കുവൈത്തില്‍ അധിനിവേശം നടത്തിയത് സഊദി-ഇറാഖ് ബന്ധത്തില്‍ വിള്ളലേല്പ്പിച്ചതോടെയാണ് അതിര്‍ത്തി അടച്ചത്. പിന്നീട് 2015 ല്‍ സഊദി അറേബ്യ വീണ്ടും ഇറാഖിലെ ബാഗ്ദാദില്‍ എംബസി തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം പുനരാരംഭിക്കുകയായിരുന്നു.
നിലവില്‍ രണ്ടു രാജ്യങ്ങളും ഊര്‍ജം, സ്പോര്‍ട്സ് തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലൂടെ ഇരു രാജ്യങ്ങളും സന്ദര്‍ശകരെ അനുവദിക്കുമെന്നും ഇറാഖിലെ സഊദി അംബാസിഡര്‍ അബ്ദുല്‍അസീസ് അല്‍ ശംരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."