നഷ്ടം 31 കോടി; ലോവര്‍ പെരിയാറില്‍ വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചു
തൊടുപുഴ: 40 ദിവസത്തിനുശേഷം ലോവര്‍ പെരിയാര്‍ പദ്ധതിയില്‍നിന്ന് വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചു. ഊര്‍ജ പ്രതിസന്ധി നേരിടുന്ന സമയത്ത് പവര്‍ ഹൗസ് ഷട്ട് ഡൗണ്‍ ചെയ്യേണ്ടിവന്നതിനാല്‍ 31 കോടിയോളം രൂപയാണ് ഉല്‍പാദന നഷ്ടം. ലോവര്‍ പെരിയാര്‍ പ്രവര്‍ത്തനക്ഷമമായതോടെ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരമായി. 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളിലായി 180 മെഗാവാട്ടാണ് ലോവര്‍ പെരിയാറിന്റെ ഉല്‍പാദനശേഷി.
ഇന്നലെ പുലര്‍ച്ചെയോടെ ടണലില്‍ വെള്ളംനിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നു. പകല്‍ 2.48നാണ് ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നാലെ മറ്റ് രണ്ട് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തി. ഇതിനൊപ്പം ലോഡ് ഡെസ്പാച്ച് സെന്ററിന് ഷെഡ്യൂള്‍ നല്‍കി വൈദ്യുതിവിതരണവും ആരംഭിച്ചു. രണ്ട് ജനറേറ്ററുകളില്‍ നിന്നായി 30 മെഗാവാട്ട് വീതമാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്. ഇന്നുമുതല്‍ സാധാരണനിലയില്‍ ഉല്‍പാദനം നടത്തും. അവധി ആയതിനാലും അണക്കെട്ടില്‍ വെള്ളം കുറവായതിനാലുമാണ് ഉല്‍പാദനം പരിമിതപ്പെടുത്തിയത്.
പ്രധാനമായും പീക്ക് ലോഡ് ആവശ്യത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് ലോവര്‍ പെരിയാര്‍. പരമാവധി 4.2 ദശലക്ഷം യൂനിറ്റ് വരെ പ്രതിദിനം ഇവിടെ ഉല്‍പാദിപ്പിക്കാമെങ്കിലും 3 ദശലക്ഷം യൂനിറ്റാണ് ശരാശരി ഉല്‍പാദനം. യൂനിറ്റിന് ശരാശരി 4 രൂപവച്ച് കണക്കാക്കിയാല്‍ പ്രതിദിനം 1.2 കോടിയുടെ വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഓഗസ്റ്റ് 14 മുതലാണ് ഇവിടെ പൂര്‍ണമായും ഉല്‍പാദനം നിലച്ചത്. ഇടുക്കി അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ട രണ്ടാഴ്ചക്കാലം ഇവിടെ ഉല്‍പാദനം നടത്താനാകുമായിരുന്നില്ല. അതിനുശേഷമുള്ള 25 ദിവസത്തെ ഉല്‍പാദന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 30 കോടി രൂപ വരും. ലോവര്‍ പെരിയാര്‍ വൈദ്യുതിയില്ലാത്തതിനാല്‍ 0.6 ദശലക്ഷം യൂനിറ്റ് പീക്ക് അവറില്‍ കണ്ടെത്തേണ്ടിവന്നിട്ടുണ്ട്. ഇതിന് ശരാശരി യൂനിറ്റ് വില ഏഴുരൂപവച്ച് കണക്കാക്കിയാല്‍ 4.2 ലക്ഷം വരും. ഇത്തരത്തില്‍ 25 ദിവസത്തേക്കുള്ള നഷ്ടം 1.05 കോടി രൂപയാണ്. ഇതിനുപുറമെ അറ്റകുറ്റപ്പണി, ടണല്‍ വൃത്തിയാക്കല്‍, ട്രാഷ് റാക്ക് മാറ്റല്‍ തുടങ്ങിയ ജോലികള്‍ക്ക് 50 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.
കെ.എസ്.ഇ.ബി കോര്‍പറേറ്റ് പ്ലാനിങ് ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയരക്ടര്‍ എന്‍. വേണുഗോപാല്‍, ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, ഡ്രിപ്പ് ആന്‍ഡ് ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസഫ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് അറ്റകുറ്റപ്പണികള്‍ അതിവേഗം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."