സിദ്ദീഖ് കാപ്പനെ അഭിഭാഷകന് ജയിലില്‍ സന്ദര്‍ശിക്കാമെന്ന് യു.പി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അഭിഭാഷകന് ജയിലില്‍ സന്ദര്‍ശിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കാപ്പനെ അഭിഭാഷകര്‍ ജയിലില്‍ സന്ദര്‍ശിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. സിദ്ദീഖ് കാപ്പനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്ന ഹരജിയും നേരത്തെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസും പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ അധ്യക്ഷനായ ബെഞ്ച്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന് സുപ്രിംകോടതി ഒരാഴ്ച സമയം അനുവദിച്ചു.
കാപ്പന് നിരവധി നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹത്രാസിലേക്ക് പോയതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ വാദിച്ചു. കാപ്പന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കാപ്പന്‍ താമസിക്കുന്നത്. താമസിക്കുന്ന ഫ്‌ളാറ്റില്‍ പരിശോധന നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സെര്‍ച്ച് വാറണ്ടുമായി പരിശോധന നടത്തുകയായിരുന്നു. കാപ്പനെ കഴിഞ്ഞമാസം അഞ്ചിന് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സഹോദരന്‍ ഹംസയെ അക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമം പാലിച്ചില്ലെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു.
കുടുംബത്തിലെ ഒരാളും ഇതുവരെ കാപ്പനെ കാണണമെന്ന ആവശ്യവുമായി ജയില്‍ അധികൃതരെ സമീപിച്ചിട്ടില്ല. വക്കാലത്ത് ഒപ്പിടിക്കണമെന്ന ആവശ്യവുമായി അഭിഭാഷകരും സമീപിച്ചിട്ടില്ല. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരിക്കെ മൂന്നുതവണ ടെലിഫോണില്‍ കുടുംബവുമായി സംസാരിക്കാന്‍ കാപ്പന് അനുമതി നല്‍കിയിട്ടുണ്ട്. മൗലികാവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ല. അറസ്റ്റിലാവുമ്പോള്‍ കാപ്പനുള്‍പ്പടെയുള്ളവരുടെ പക്കല്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. കാപ്പനുള്ളത് അന്യായ കസ്റ്റഡിയിലല്ല. 32ാം വകുപ്പുപ്രകാരം സുപ്രിംകോടതി ഇടപെടേണ്ട വിഷയവുമല്ല. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ആളുമായി ബന്ധപ്പെട്ട കാര്യത്തില്‍ അലഹബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടത്. കാപ്പനൊപ്പം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഒന്‍പതുദിവസത്തെ വാദം നടന്നുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. നേരത്തെ കാപ്പനെ കാണാന്‍ ജയില്‍ അധികൃതരെയും പ്രാദേശിക കോടതിയെയും സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പത്രപ്രവര്‍ത്തക യൂനിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."