ജമ്മു കശ്മീരിന്റെ പ്രത്യേക പദവി താല്‍ക്കാലികമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് താല്‍ക്കാലികം മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രപതി ഭരണം ആറുമാസത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള പ്രമേയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതിരുന്ന ആദ്യ പ്രധാനമന്ത്രി നെഹ്‌റുവാണ് കശ്മീര്‍ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്നും ഷാ കുറ്റപ്പെടുത്തി.
ജൂലൈ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടിയത്. ഈ പ്രമേയത്തിനൊപ്പം, ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കഴിയുന്നവര്‍ക്ക് സംവരണം ഉറപ്പാക്കുന്ന ബില്ലും ശബ്ദവോട്ടോടെ ലോക്‌സഭയില്‍ പാസാക്കി. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ളവര്‍ക്ക് നേരത്തേതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ തസ്തികകളിലും സംവരണം അനുവദിച്ചിരുന്നു. അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാവുന്നതാണ് പുതിയ ബില്‍.
അതേസമയം, നെഹ്‌റുവിനെതിരായ പരാമര്‍ശത്തെ ചെറുക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് പക്ഷത്ത് അധികമാളുകള്‍ ഉണ്ടായില്ല. 52 എം.പിമാരില്‍ പത്തില്‍ താഴെ പേര്‍ മാത്രമാണ് അന്നേരം സഭയില്‍ ഹാജരായിരുന്നത്. ഇതില്‍ ആറു പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."