റിലയന്‍സിനെതിരേ രംഗത്തുവന്ന സി.പി.ഐ ഇപ്പോള്‍ കോളജിന്റെ പിറകെ
നിലമ്പൂര്‍: നഗരസഭാ ഭരണസമിതി റിലയന്‍സ് കേബിള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി സി.പി.ഐയും സി.പി.എമ്മുമടക്കം രംഗത്തുവരികയും നഗരസഭാ ബോര്‍ഡ് യോഗങ്ങള്‍ തടസപ്പെടുകയും ചെയ്തുകൊണ്ടിരിക്കെ നിലമ്പൂരിനനുവദിച്ച സര്‍ക്കാര്‍ കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റാനുള്ള നീക്കം ഉയര്‍ന്നതോടെ റിലയന്‍സ് വിവാദം വിട്ട് സി.പി.ഐ കോളജിന്റെ പിറകെ.
വിജിലന്‍സ് അന്വേഷണത്തിന് പുറമെ കോടതി കയറാനും പ്രക്ഷോഭം സംഘടിപ്പിക്കാനും സിപിഐ ഒരുങ്ങുന്നതിനിടെയാണ് കോളജ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സ്‌പെഷല്‍ ഓഫിസര്‍ക്ക് പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ താല്‍ക്കാലിക ഓഫിസ് കൂടി തുറന്നതോടെ നിലമ്പൂരിന് അനുവദിച്ച കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറുന്നുവെന്ന് ഉറപ്പാക്കിയാണ് സി.പി.ഐ അതിനെതിരേ രംഗത്തിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിലമ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എല്‍.ഡി.എഫ് ഭരണം മാറിയപ്പോള്‍ അനിശ്ചിതത്വത്തിലായിരുന്നു. സി.പി.ഐയുടെ നേതൃത്വത്തിലുള്ള കോളജ് സംരക്ഷണ സിതി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഗവ. കോളജ് തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇതിനിടെയാണ് നിലമ്പൂരില്‍ മിനി സ്‌റ്റേഡിയം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായത്.
ഗവ. കോളജിനു കണ്ടെത്തിയ ഗവ. മാനവേദന്‍ സ്‌കൂളിലെ അഞ്ചേക്കര്‍ സ്ഥലമാണ് സ്‌റ്റേഡിയത്തിനായ കണ്ടത്. ഇതോടെ പൂക്കോട്ടുംപാടത്ത് സ്ഥലം സൗജന്യമായി ലഭിക്കുമെന്ന് കണ്ട് കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റാനുള്ള ശ്രമമുണ്ടായത്. ഇതോടെ സി.പി.ഐയും യുഡിഎഫും കോളജ് നിലമ്പൂരില്‍ തന്നെ വേണമെന്ന ആവശ്യവുമായി രംഗത്തുവരികയും ഗവ. കോളജ് അനുവദിച്ചത് നിലമ്പൂര്‍ മണ്ഡലത്തിനാണെന്ന നിലപാടിലേക്ക് സി.പി.എമ്മും മാറിയത്.
തുടര്‍ന്ന് കോളജ് വിഷയം സജീവമാക്കി യു.ഡി.എഫിലെ പ്രമുഖ നേതാവായ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവര്‍ നിലമ്പൂരില്‍ തന്നെ കോളജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയും യൂത്ത് കോണ്‍ഗ്രസ് തെരുവോരത്ത് പ്രതീകാത്മക ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിലമ്പൂരിന് അനുവദിച്ച ഗവ. കോളജ് തര്‍ക്കം മൂലം നഷ്ടപ്പെടാതിരിക്കാന്‍ പൂക്കോട്ടുംപാടത്തോ നിലമ്പൂരിലോ എവിടെയെങ്കിലും സ്ഥാപിച്ചോട്ടേയെന്ന അഭിപ്രായമാണ് പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍ദേശിച്ചത്.
കോളജ് വിഷയത്തില്‍ നിലമ്പൂരിനും പൂക്കോട്ടുംപാടത്തിനുമായി ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.ഐയും സി.പി.എമ്മും നേര്‍ക്കുനേര്‍ രംഗത്തുവരികയും ചെയ്തു. സി.പി.ഐ ഒരുപടി കൂടി മുന്നോട്ടുവന്ന് പുതിയ സ്‌പെഷല്‍ ഓഫിസറെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു. റിലയന്‍സ് വിവാദത്തില്‍ ഭാരണ പക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.ഐ കോളജ് വിഷയത്തില്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ റിലയന്‍സ് വിവാദം കെട്ടടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."