ഐ.എസ്.എല്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; റോയ് കൃഷ്ണയുടെ ഗോളില്‍ എ.ടി.കെക്ക് ജയം
ബാംബൊലിന്‍: ഐ.എസ്.എല്ലിന്റെ ഏഴാം സീസണില്‍ വിജയത്തോടെ തുടങ്ങുകയെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എ.ടി.കെമോഹന്‍ ബഗാനോടു മഞ്ഞപ്പട പൊരുതി വീഴുകയായിരുന്നു.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം 67ാം മിനുട്ടില്‍ എ.ടി.കെ താരം റോയ് കൃഷ്ണ നേടിയ ഗോളാണ് വിജയികളെ നിര്‍ണയിച്ചത്. പുതിയ കോച്ചിനു കീഴില്‍, പുതിയ ലുക്കില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പൊസഷന്‍ ഗെയിം കളിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ പലപ്പോഴും എടികെയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ആദ്യ പകുതി തീര്‍ത്തും വിരസമായി മാറിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുടീമും വീറുറ്റ പ്രകടനം കാഴ്ചവച്ചു. പന്തടക്കത്തിലും പാസുകളിലുമെല്ലാം എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. ബ്ലാസ്‌റ്റേഴ്‌സ് കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പിറകിലായി പോവേണ്ടതായിരുന്നു. എന്നാല്‍ റോയ് കൃഷ്ണയുടെ മിസ്സ് മഞ്ഞപ്പടയ്ക്കു ആശ്വാസമായി. ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് നേരെ കൃഷ്ണ്ക്കാണ് ലഭിച്ചത്. പക്ഷെ ബോക്‌സനികത്ത് താരത്തിന് വലയിലേക്കു ഷോട്ട് തൊടുക്കാനായില്ല. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോള്‍ ദാഹത്തോടെ ആക്രമിച്ചു കളിച്ചത്.
രണ്ടാം പകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഓപ്പണ്‍ ചാന്‍സ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നഷ്ടപ്പെടുത്തി.
ഇടതു വിങില്‍ നിന്ന് ജെസ്സല്‍ അളന്നു മുറിച്ചു നല്‍കിയ ക്രോസ് എടിക്കെയ്ക്കു ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത് ലാന്‍ഡ് ചെയ്തത് സഹലിന്റെ പക്കല്‍. തൊട്ടരികിലൊന്നും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഗോളിനു ശ്രമിച്ച സഹലിന്റെ കോണ്ടാക്ട് പിഴച്ചതോടെ പന്ത് ലക്ഷ്യം തെറ്റിപ്പോവുകയായിരുന്നു. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടണ്ടത്. ഇരുവിങുകളിലൂടെയും മഞ്ഞക്കുപ്പായക്കാര്‍ പറന്നു നടന്നു കളിച്ചു.
67ാം മിനുട്ടില്‍ കൃഷ്ണയുടെ ഗോളിലാണ് ചാംപ്യന്മാര്‍ അക്കൗണ്ട് തുറന്നത്. കളിയുടെ ഗതിക്ക് വിപരീതമായിരുന്നു ഈ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിനു വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. മന്‍വീര്‍ ബോക്‌സിനകത്തേക്കു ചെത്തിയിട്ട പന്ത് ക്ലിയന്‍ ചെയ്യാന്‍ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ശ്രമിച്ചെങ്കിലും ശ്രമം പാളി. തക്കം പാര്‍ത്തു നിന്ന കൃഷ്ണ ബോക്‌സിനകത്തേക്കു പാഞ്ഞെത്തി ഇടംകാല്‍ കൊണ്ടു തൊടുത്ത ഷോട്ട് വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.
പ്രതീക്ഷ നല്‍കുന്ന ബ്ലാസ്റ്റേഴ്‌സ്
സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പത്തില്‍ എട്ട് മാര്‍ക്ക് നല്‍കാം. ആദ്യ പകുതിയില്‍ കളി അല്‍പം വിരസമായിരുന്നെങ്കിലും പോരാട്ട വീര്യം നന്നായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പുറത്തെടുത്തു. പന്ത് കൂടുതല്‍ സമയം കൈവശം വെക്കാതെ വണ്‍ ടച്ച് പാസ് കളിച്ചത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പ്രതിരോധത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും സുന്ദരമായി കളിച്ചത്. മികച്ച നിരയെയാണ് വികുന പ്രതിരോധം ഏല്‍പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ടീമായ എ.ടി.കെയോട് വളരെ മികച്ചു തന്നെ ബ്ലാസ്റ്റേഴ്‌സ് കളിച്ചു. എ.ടി.കെക്ക് ബോക്‌സിലേക്ക് കയറാന്‍ ഒരവസരവും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നല്‍കിയിട്ടില്ല. വളരെ ചുരുക്കം പന്തുകള്‍ മാത്രമേ പ്രതിരോധത്തെ മറികടന്ന് ഗോള്‍കീപ്പറുടെ കൈയിലെത്തിയിട്ടുള്ളു. ബകാരി കോനെ, കോസ്റ്റ, ജസ്സല്‍, എന്നിവര്‍ ചേര്‍ന്ന് മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. കോനെയും കോസ്റ്റയും പരസ്പര ധാരണയോടെ കളിച്ചതും വളരെ മികച്ചതായിരുന്നു. പന്ത് ഡിഫന്‍ഡ് ചെയ്ത് പിടിച്ചെടുക്കുകയും കൃത്യമായി സപ്ലെ ചെയ്യാനും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞത് വിജയമായി കണക്കാക്കാം. 26ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."