മുതുമലയില്‍ കടുവകളുടെ എണ്ണത്തില്‍ വന്‍വര്‍ധന
ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചു. ഇപ്പോള്‍ എഴുപതിലധികം കടുവകളും 80ല്‍പ്പരം പുള്ളിപ്പുലികളുമുണ്ട്. നേരത്തെ 20 കടുവകളാണുണ്ടായിരുന്നത്.
688 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന കടുവാ സങ്കേതത്തില്‍ 50ഇനം വന്യമൃഗങ്ങളും 200ഇനം പക്ഷികളുമുണ്ട്. 2007ലാണ് മുതുമല വന്യജീവി സങ്കേതം കടുവാസംരക്ഷണ കേന്ദ്രമായി ഉയര്‍ത്തിയത്. തമിഴ്‌നാട്ടില്‍ നാല് കടുവാസംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പ്രധാനപ്പെട്ട കേന്ദ്രം മുതുമലയാണ്. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ടായിരുന്ന മുതുമലയുടെ വിസ്തീര്‍ണം ശിങ്കാര, സീഗൂര്‍, തെങ്കുമാറട എന്നീ ഫോറസ്റ്റ് റേഞ്ചുകളെ മുതുമലയിലേക്ക് ചേര്‍ത്ത് വര്‍ധിപ്പിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമല. ബോണറ്റ് മക്കാക്ക്, കടുവ, പുലി, വരയന്‍ കഴുതപ്പുലി, പുള്ളിമാന്‍ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ് യുനെസ്‌കോ അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലമാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമല ദേശീയോദ്യാനം, ബന്ദിപ്പൂര്‍ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവയാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."