സര്‍ക്കാര്‍ തിരുത്തിയില്ല; ഗവ. മെഡി. കോളജുകളില്‍ മുന്നോക്ക സംവരണം ആകെ സീറ്റുകളുടെ 10 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെ സീറ്റുകളുടെ പത്തു ശതമാനം മുന്നോക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ചു പ്രവേശന നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കത്തയച്ചു.
ജനറല്‍ മെറിറ്റിന്റെ പത്തു ശതമാനം മാത്രമേ മുന്നോക്ക സംവരണം നടപ്പാക്കാവൂവെന്ന ന്യൂനപക്ഷ, പിന്നോക്ക സംഘടനകളുടെ ആവശ്യം മെഡിക്കല്‍ പ്രവേശനത്തിന്റെ വിഷയത്തിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ പത്തു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആകെയുള്ള എം.ബി.ബി എസ് സീറ്റുകളില്‍ 109 സീറ്റ് മുന്നോക്ക വിഭാഗത്തിന് ലഭിക്കുമ്പോള്‍ ഈഴവ വിഭാഗത്തിന് 98 സീറ്റും മുസ്‌ലിംകള്‍ക്ക് 87 സീറ്റും മാത്രമായിരിക്കും ലഭിക്കുക.
നൂറു സീറ്റുകളില്‍ മുന്നോക്ക സംവരണത്തിന് 10 ശതമാനം നീക്കിവച്ചപ്പോള്‍ ഈഴവ വിഭാഗത്തിന് 9 ശതമാനം, മുസ്‌ലിംകള്‍ക്ക് 8 ശതമാനം, ഹിന്ദുക്കളിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3 ശതമാനം, ലാറ്റിന്‍ കത്തോലിക്, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് 3 ശതമാനം, ധീവര വിഭാഗത്തിന് 2 ശതമാനം, വിശ്വകര്‍മ വിഭാഗത്തിന് 2 ശതമാനം, കുശവന്‍ വിഭാഗത്തിന് ഒരു ശതമാനം, പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു ശതമാനം, കുടുംബി വിഭാഗത്തിന് ഒരു ശതമാനം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി 10 ശതമാനം എന്ന രീതിയിലാണ് സംവരണത്തിനായി സീറ്റ് നിശ്ചയിച്ചിരിക്കുന്നത്. ശേഷിക്കുന്ന 50 ശതമാനം ജനറല്‍ മെറിറ്റ് ആണ്.
അതേസമയം, കഴിഞ്ഞ വര്‍ഷം പത്തു ശതമാനത്തിലധികം സീറ്റുകള്‍ മുന്നോക്കക്കാര്‍ക്കായി നല്‍കിയ നടപടിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുന്നോക്കക്കാര്‍ക്കായി നല്‍കിയ പത്തു ശതമാനത്തിലധികമുള്ള സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്കും മറ്റു സംവരണ സീറ്റുകളിലേക്കും മാറ്റി. പത്തു ശതമാനം സംവരണമുള്ള എസ്.സി, എസ്.ടി വിഭാഗത്തിന് 105 എം.ബി.ബി.എസ് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുന്നോക്ക വിഭാഗത്തിന് 130 സീറ്റുകളായിരുന്നു കഴിഞ്ഞവര്‍ഷം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."