ഹജ്ജ് ക്വാട്ട: കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം നിലവിലുള്ളത്
റിയാദ്: ജി 20 ഉച്ചകോടിക്കിടെ സഊദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചക്കിടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയെന്ന പുതിയ വാര്‍ത്ത നേരത്തെ അംഗീകരിച്ചത്.
ഇന്ത്യന്‍ ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഉയര്‍ത്തി അംഗീകാരം നല്കിയതും ഈ വര്‍ഷം ഇത്രയും ഹാജിമാര്‍ തീര്‍ഥാടനത്തിനായി ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ വാര്‍ത്തയുമായി ഇന്ത്യന്‍ അധികൃതര്‍ രംഗത്തെത്തിയത്. കിരീടാവകാശിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം പുറത്ത് വിട്ട വാര്‍ത്തകളിലാണ് ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതായി പ്രതിപാദിച്ചത്.
എന്നാല്‍, വാര്‍ത്ത കേട്ടപാടെ ദേശീയ മാധ്യമങ്ങളടക്കം ഇന്ത്യന്‍ ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയത് പുതിയ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
രണ്ടു ലക്ഷം തീര്‍ഥാടകരെ സ്വീകരിക്കാനായി ഇന്ത്യന്‍ ഹജ്ജ് മിഷന് പൂര്‍ണ തായാറെടുപ്പുകള്‍ നടത്തുകയും അടുത്ത ദിവസം തന്നെ ഹാജിമാര്‍ യാത്ര പുറപ്പെടുകയും ചെയ്യാനിരിക്കെയാണ് വീണ്ടും പ്രഖ്യാപനം.
ഇക്കഴിഞ്ഞ ജനുവരിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യന്‍ ഹജ്ജ് ക്വാട്ട ഉയര്‍ത്തി സഊദി അംഗീകാരം നല്‍കിയത്.
തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യ - സഊദി സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തിരുന്നു.
ഇതേ വാര്‍ത്തയാണ് വീണ്ടും കഴിഞ്ഞ ദിവസം ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഒപ്പു വച്ച ഇന്ത്യന്‍ സഊദി ഹജ്ജ് കരാറില്‍ ഇക്കാര്യം ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."