ബി.ജെ.പി അംഗത്വമെടുത്തുവെന്ന വാര്‍ത്ത നിഷേധിച്ച് വൈദികര്‍
കോട്ടയം: അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതായുള്ള വാര്‍ത്ത നിഷേധിച്ച് രണ്ട് വൈദികര്‍ രംഗത്ത്. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വൈദികര്‍ക്ക് അംഗത്വം നല്‍കിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.
ഫാ.ജെ. മാത്യു മണവത്ത് മണര്‍കാട്, ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത്, ആന്‍ഡ്രൂസ് മംഗലത്ത്, ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട്, ഫാ.തോമസ് കുളത്തുങ്കല്‍ എന്നിവര്‍ അംഗത്വമെടുത്തുവെന്നാണ് ബി.ജെ.പി അവകാശപ്പെട്ടത്. എന്നാല്‍, തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരേ ഫാ. മാത്യു മണവത്തും ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ടും രംഗത്തെത്തുകയായിരുന്നു.
മൂന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് വ്യക്തമാക്കി പാര്‍ട്ടിപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തക്കൊപ്പം ശ്രീധരന്‍ പിള്ള പങ്കെടുത്ത പരിപാടിയില്‍ ഫാ. മാത്യു മണവത്ത് സംസാരിക്കുന്ന ഫോട്ടോയും നല്‍കിയിരുന്നു.
എന്നാല്‍, ശ്രീധരന്‍പിള്ള പങ്കെടുത്ത യോഗത്തില്‍ താന്‍ എത്തിയത് നാട്ടുകാരനായ വ്യക്തി സഊദി അറേബ്യയില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായിരുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്ക് പേജില്‍ കുറിച്ചു. അവിടെയെത്തിയപ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസാരിച്ചത്. ഈ ഫോട്ടോയാണ് വാര്‍ത്തക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബി.ജെ.പി മെമ്പര്‍ഷിപ്പ് എടുക്കുകയോ അനുഭാവി എന്നുപോലും പറയുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്യരുതെന്നാണ് പുരോഹിതന്റെ അഭ്യര്‍ഥന.
അതേസമയം, പ്രസ്തുത ചടങ്ങില്‍ താന്‍ പങ്കെടുക്കുകപോലും ചെയ്തിട്ടില്ലെന്നായിരുന്നു ഫാ.ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇത് വാര്‍ത്താചിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താചിത്രത്തില്‍ ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത്, ആന്‍ഡ്രൂസ് മംഗലത്ത്, ഫാ.തോമസ് കുളത്തുങ്കല്‍ എന്നിവര്‍ പാര്‍ട്ടി ഷാളണിഞ്ഞ് ശ്രീധരന്‍പിള്ളയോടൊപ്പം നില്‍ക്കുന്നുണ്ട്. ഇതില്‍ ഫാ.ഗീവര്‍ഗീസിന്റേതെന്ന പേരില്‍ ബി.ജെ.പി പ്രവേശനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നു.
ഇത് നിഷേധിച്ച് ഗീവര്‍ഗീസ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."