ജാഗ്രതയില്ല; ജാഗ്രതാസമിതികള്‍ രേഖകളില്‍ മാത്രം
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതികള്‍ നിര്‍ജീവമായി. സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ ജാഗ്രതാസമിതികള്‍ പല ജില്ലകളിലും പ്രവര്‍ത്തിക്കുന്നതു പേരിനുമാത്രം. മൂന്നുമാസത്തിലൊരിക്കല്‍ വാര്‍ഡുതലത്തില്‍ ജാഗ്രതാസമിതികള്‍ ചേരണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വകുപ്പുമേധാവികളെ ഉള്‍പ്പെടുത്തി ചേരേണ്ട ജില്ലാതല ജാഗ്രതാസമിതികളും പല ജില്ലകളിലും പേരിനുമാത്രമാണ് ചേരുന്നത്. കാസര്‍കോട്, വയനാട്, പാലക്കാട് തുടങ്ങിയ പിന്നോക്ക ജില്ലകളില്‍ രണ്ടുവര്‍ഷമായി ജാഗ്രതാസമിതികള്‍ ചേര്‍ന്നിട്ട്. കണ്ണൂരും തിരുവനന്തപുരത്തും കോഴിക്കോടും ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം പേരിനെങ്കിലും നടക്കുമ്പോള്‍ മറ്റു ജില്ലകളില്‍ രേഖകളില്‍ മാത്രമാണ് പ്രവര്‍ത്തനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനാണു ജാഗ്രതാസമിതികള്‍ രൂപീകരിച്ചത്. ഗ്രാമപഞ്ചായത്തംഗം ചെയര്‍മാനായുള്ള സമിതിയില്‍ വാര്‍ഡിലെ പൊതുപ്രവര്‍ത്തകരാണ് അംഗങ്ങളായി വേണ്ടത്. അഞ്ചുവര്‍ഷം മുന്‍പ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വളരെപെട്ടെന്ന് തന്നെ സമിതികള്‍ നിര്‍ജീവമായി.
ഗാര്‍ഹികപീഡനം മുതല്‍ കുടുംബം നേരിടുന്ന മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വേണമെങ്കില്‍ പൊലിസ് സഹായം തേടുന്നതിനും ജാഗ്രതാസമിതികള്‍ക്ക് അധികാരമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന അതിക്രമങ്ങള്‍വരെ ചര്‍ച്ച ചെയ്യപ്പെടേണ്ട ജാഗ്രതാസമിതികള്‍ സംസ്ഥാനത്ത് നടക്കാത്തത് സംബന്ധിച്ചു സാമൂഹ്യനീതി വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കി ജാഗ്രതാസമിതികളെ സജീവമാക്കണമെന്ന നിര്‍ദേശവും ഇതിനായി ഫണ്ടും നീക്കിവച്ചിട്ടുണ്ടെങ്കിലും എടുത്തുപറയാവുന്ന ഒരൊറ്റപദ്ധതിയും ജാഗ്രതാസമിതികളുടെ പേരില്‍ സംസ്ഥാനത്ത് ഇതേവരെ നടന്നിട്ടില്ല. ജാഗ്രതാസമിതികള്‍ സജീവമാക്കുന്നതിന് നിയമനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."