പ്ലസ്‌വണ്‍; സംസ്ഥാനത്ത് 3,75,944 വിദ്യാര്‍ഥികള്‍ പ്രവേശനംനേടി
മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് ഇതുവരെ 3,75,944 വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ പ്രവേശനംനേടി.
അതിനിടെ, ഒഴിവുള്ള സീറ്റുകളില്‍ വീണ്ടും ഒരു അലോട്ട്‌മെന്റ് കൂടി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ ജില്ലകളിലും മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പരിഗണിച്ചാണ് വീണ്ടും അലോട്ട്‌മെന്റ്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ആകെയുള്ള 2,95,343 മെറിറ്റ് സീറ്റുകളില്‍ 2,86,548 എണ്ണത്തിലാണ് ഇന്നലെവരെ പ്രവേശനം പൂര്‍ത്തിയായത്.
എയ്ഡഡ് സ്‌കൂളുകളിലെ 46,282 മാനേജ്‌മെന്റ് സീറ്റുകളില്‍ 38,034 വിദ്യാര്‍ഥികള്‍ പ്രവേശനംനേടി. സംസ്ഥാനത്ത് ആകെയുള്ള 25, 240 കമ്മ്യൂണിറ്റി സീറ്റുകളില്‍ 3,188 എണ്ണം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് അണ്‍എയ്ഡഡ് മേഖലയിലാണ്. ഇവിടെ ആകെയുള്ളത് 59,901 സീറ്റുകളാണ്. ഇതില്‍ 30,591 സീറ്റുകളിലും പ്രവേശനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. 29,310 വിദ്യാര്‍ഥികള്‍ മാത്രമാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനംനേടിയത്.
സീറ്റുകള്‍ ഒഴിവുണ്ടായിട്ടും പ്ലസ്‌വണ്‍ പ്രവേശനത്തിനായി അണ്‍എയ്ഡഡ് സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക സംഭാവന വാങ്ങുന്നതായും ആരോപണമുണ്ട്.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷവും വിവിധ ജില്ലകളിലായി ഒഴിവുള്ള 8,670 സീറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി ഏകജാലക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏകജാലക സംവിധാനത്തില്‍ മെറിറ്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മാറ്റത്തിനായി ഇന്ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. ഇതിന്റെ ഫലം ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും.
പിന്നീടുവരുന്ന ഒഴിവുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."