കെ.എസ്.ആര്‍.ടി.സിയില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റേഷനുകളിലെ ടിക്കറ്റ് റിസര്‍വേഷനും കൂപ്പണ്‍ വിതരണവും കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിലൂടെ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത് താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍. 23 ഡിപ്പോകളില്‍ അടുത്ത മാസം ആദ്യത്തോടെ ടിക്കറ്റ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയ്ക്ക് കൈമാറാനാണ് തീരുമാനം.
ഇതിനു മുന്നോടിയായി ഓരോ ഓഫിസിലേയ്ക്കും മൂന്നുപേരെ വീതം കുടുംബശ്രീ മിഷന്‍ സംസ്ഥാന ഓഫിസിന്റെ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. കമ്മിഷന്‍ വ്യവസ്ഥയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ ജോലികള്‍ ചെയ്യുക.
ഇതിലൂടെ ഈ ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരെയും സ്ഥിരം ജീവനക്കാരെയും അവരുടെ പോസ്റ്റുകളിലേക്ക് തിരിച്ചയക്കും. ഇതോടെ ഓഫിസുകളില്‍ ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതിലൂടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ഒഴിവാക്കാനും കഴിയും. കുടുംബശ്രീക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ മാത്രം പണം നല്‍കിയാലും മതിയാകും.
റിസര്‍വേഷന്‍ ടിക്കറ്റിന്റെ 3.9 ശതമാനവും കൂപ്പണിന്റെ നാല് ശതമാനവുമാണ് കുടുംബശ്രീയ്ക്ക് പ്രതിഫലമായി നല്‍കുക. കൗണ്ടര്‍ കെ.എസ്.ആര്‍.ടി.സി നല്‍കും. റിസര്‍വേഷന്‍ കൂപ്പണ്‍ വിതരണം കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മറ്റൊരു തന്ത്രമെന്ന നിലയിലാണ് സി.എം.ഡി. ടോമിന്‍ തച്ചങ്കരി കുടുംബശ്രീയെയും കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനായി കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."