മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പെരുമാതുറ മുതലപ്പൊഴിയിലെ 24 വഴിവിളക്കുകള്‍ മിഴിയടച്ചു
കഠിനംകുളം: മത്സ്യബന്ധന തുറമുഖവും വിനോദ സഞ്ചാര കേന്ദ്രവുമായ പെരുമാതുറ മുതലപ്പൊഴി പാലത്തിലെ തെരുവ് വിളക്കുകള്‍ മിഴി അടച്ചിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ദിവസവും നൂറ് കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. അതേ പോലെ ഹാര്‍ബര്‍ ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തുന്ന നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ക്കും പാലം വഴിയുള്ള വാഹന യാത്രക്കാര്‍ക്കും ഏറേ ആശ്വാസമായിരുന്ന വിളക്കുകളാണ് ആഴ്ചകളായി പണിമുടക്കിയിരിക്കുന്നത്. പൊതു അവധി ദിവസങ്ങളില്‍ ആയിരങ്ങളെത്തുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനെ തുടര്‍ന്ന് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് വെളിച്ചമെങ്കിലുമെത്തിക്കാനായി ചിറയിന്‍കീഴ് മണ്ഡലത്തിലെ എം.എല്‍.യും ഡെപ്യൂട്ടി സ്വീപീക്കറുമായ വി.ശശിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12,70,000 രൂപ മുടക്കി 24 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
ലൈറ്റുകള്‍ സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിട്ടതോടെ എട്ടോളം വിളക്കുകള്‍ ഇടക്കൊക്കെ മാത്രമെ പ്രകാശിച്ചിരുന്നുള്ളൂ. ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത മഴയോടെ പൂര്‍ണമായും പ്രകാശിക്കാതേയുമായി. ഇതോടെ സന്ധ്യയായാല്‍ കൂരിരുട്ടാണ് പ്രദേശത്ത്. ബീച്ചിലും അത് കഴിഞ്ഞ് മുതലപ്പൊഴി പാലത്തിന് മുകളിലെത്തി കായലിന്റെയും കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സഞ്ചാരികള്‍, രാത്രക്കാലങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പാലത്തിന് അടിയിലൂടെ വള്ളങ്ങളിലും ബോട്ടുകളിലും അഴിമുഖം കടക്കുന്ന ജില്ലയിലും ജില്ലക്ക് പുറത്തുമുള്ള മത്സ്യതൊഴിലാളികള്‍, പെരുമാതുറ താഴം പള്ളി ഭാഗത്തുള്ള മത്സ്യ ലേലപ്പുരയിലെത്തുന്ന മത്സ്യ കച്ചവടക്കാര്‍, ഹാര്‍ബറിലെത്തുന്ന വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ വിളക്ക് കത്താത്തത് ഏറേ തിരച്ചടിയായിട്ടുണ്ട്.
പകള്‍ സമയങ്ങളില്‍ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കുത്തിതുറന്നുള്ള മോഷണവും ഇവിടെ എത്തുന്ന സഞ്ചാരികളെ ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിക്കുന്നതും നിരവധി തവണ നടന്നിട്ടുണ്ട്. വെളിച്ചം കൂടിയില്ലാതായതോടെ രാത്രികാലങ്ങളില്‍ ഇതിന്റെ തോത് വര്‍ധിച്ചിട്ടുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. വിളക്കുകള്‍ പ്രകാശിക്കാതായതോടെ മാസങ്ങളായി മുതലപ്പൊഴി ചുറ്റിപ്പറ്റി പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവ് മാഫിയകളും സജീവമായിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നതായാണ് വിവരം. പൊലിസ് പട്രോളിങ്ങുണ്ടെങ്കിലും മയക്ക് മരുന്ന് മാഫിയകളേയും പ്രദേശത്തെ ക്രിമിനല്‍സിനേയും പിടികൂടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."