പകര്‍ച്ചപ്പനികള്‍ക്കെതിരേ ഉദ്യോസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കലക്ടര്‍
തിരുവനന്തപുരം: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചപനികള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ വികസന സമിതിയോഗത്തിന് മുന്നോടിയായി കലക്ടറേറ്റില്‍ നടത്തിയ മഴക്കാലപൂര്‍വ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സമ്പൂര്‍ണ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പിലെ ജീവനക്കാര്‍ പ്രായോഗികതയോടെയും പൂര്‍ണമായ കൂട്ട് ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. വീടുവീടാന്തരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പൂര്‍ണ ജനപങ്കാളിത്തത്തോടെയാവണം പ്രവര്‍ത്തനങ്ങള്‍.
സ്വന്തം വീട്ടില്‍ കൊതുക് പടരുന്ന സാഹചര്യങ്ങള്‍ അവരവര്‍ തന്നെ ഒഴിവാക്കണം. ജില്ലയില്‍ ഇതുവരെ ഡെങ്കിയെ തുടര്‍ന്ന് മൂന്ന് മരണങ്ങള്‍ ഉണ്ടായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും അവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയതോടൊപ്പം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടറുടെ സേവനം എപ്പോഴും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കി പനിയെ തുടര്‍ന്ന് രോഗികള്‍ക്ക് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നുണ്ട്. അവര്‍ക്ക് രക്തം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തിലുള്ള ഉദ്യോഗസ്ഥരും മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."