പക്ഷിയും ഖജനാവും
രാത്രി മുഴുവന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷി ദിവസങ്ങളായി ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. പല കുട്ടികളും പക്ഷിയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. കാലന്‍ പക്ഷിയാണെന്ന് മുത്തശ്ശിമാര്‍ വിധിയെഴുതി.
പ്രശ്‌നം രാജാവിന് മുന്നിലുമെത്തി. പക്ഷിയെ കൊല്ലാനായി വിദഗ്ധരായ വേടന്മാര്‍ നിയമിതരായി.എന്നിട്ടും പക്ഷി രാത്രി മുഴുവന്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഗ്രാമത്തിലെ കുന്നിന്‍ മുകളിലെ വൃക്ഷത്തിലാണ് പക്ഷി താമസിക്കുന്നതെന്ന് ഗ്രാമവാസികള്‍ മനസിലാക്കി. വേടന്മാരും ഗ്രാമവാസികളും മരത്തില്‍ വല വിരിച്ച് കാവലിരുന്നു. അര്‍ധരാത്രിയോടെ പക്ഷി ശബ്ദമുണ്ടാക്കിക്കൊണ്ട് മരത്തിനു മുകളില്‍ സ്ഥാനം പിടിച്ചു. പക്ഷി വലയില്‍ കുടുങ്ങിയെന്ന് ഉറപ്പായതോടെ വേടന്മാര്‍ മരത്തില്‍ കയറി.
ആ മരം ഗ്രാമത്തിലെ ഏറ്റവും വലിയ മരമായിരുന്നു.അതില്‍നിന്നു നോക്കിയാല്‍ ഗ്രാമം മുഴുവന്‍ കാണാം. വേടന്മാരില്‍ ഒരാള്‍ പക്ഷി കുടുങ്ങിയ വല വലിച്ചെടുക്കുന്നതിനിടയിലാണ് ദൂരെ ഒരു വെളിച്ചം തെളിയുന്നത് കണ്ടത്. ആ അസമയത്ത് കുന്നിന്‍ മുകളില്‍ ആരാണ് വെളിച്ചം തെളിയിക്കുന്നതെന്നായിരുന്നു അയാളുടെ സംശയം. ഈ കാര്യം വേടന്‍ ഗ്രാമവാസികളുടെ ശ്രദ്ധയില്‍പെടുത്തി. അവര്‍ വെളിച്ചത്തെ പിന്തുടര്‍ന്ന് പോയപ്പോള്‍ ഒരു ഗുഹാമുഖത്താണ് എത്തിപ്പെട്ടത്. അവിടെ ഒരു സംഘം ആളുകള്‍ നിരവധി ഭാണ്ഡങ്ങള്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നു.
അപരിചിതരായ അവരെ കണ്ടപ്പോള്‍ ഗ്രാമവാസികളില്‍ ചിലര്‍ രാജാവിനെ വിവരമറിയിച്ചു. രാജഭടന്മാരെത്തി സംഘത്തെ പിടിച്ചു കെട്ടി കൊട്ടാരത്തിലെത്തിച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാര്യം മനസിലായത്. അയല്‍ രാജ്യത്തെ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ഖജനാവ് കൊള്ളയടിക്കാനെത്തിയ കൊള്ളസംഘമായിരുന്നു അവര്‍. ഗുഹയില്‍നിന്നു ഖജനാവിലേക്ക് തുരങ്കമുണ്ടാക്കി. ദിവസങ്ങളായി കൊള്ളനടത്തുന്നുണ്ടായിരുന്നു അവര്‍. ഈ സമയത്താണ് പക്ഷിയെ ജീവനോടെ രാജാവിന് മുന്നില്‍ ഹാജരാക്കിയത്. ഖജനാവിലെ സമ്പത്ത് വീണ്ടെടുക്കാന്‍ സഹായിച്ച പക്ഷിയെ രാജാവ് സ്വതന്ത്രമാക്കി. അത്ഭുതമെന്ന് പറയട്ടെ, പിന്നീട് പക്ഷിയുടെ ശബ്ദംഗ്രാമത്തില്‍ മുഴങ്ങിയിട്ടില്ല.
ഗുണപാഠം: പ്രത്യക്ഷത്തില്‍ ഉപദ്രവകാരിയെന്ന് കരുതുന്ന പലരെക്കൊണ്ടും ഉപകാരങ്ങളുണ്ടായേക്കാം.
ഹെല്‍പ് പ്ലീസ്
മുയലും ആമയും
മുയലും ആമയും ഓട്ടപന്തയം നടത്തിയ കഥ കൂട്ടുകാര്‍ക്കറിയാമല്ലോ? ഇതാ വീണ്ടും ആമയും മുയലും ഓട്ടപന്തയ മത്സരം നടക്കുകയാണ്. സംഭവം എല്ലാം പഴയതുപോലെ തന്നെ. അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും മുയല്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ കാണുന്നത് ഫിനിഷിംഗ് പോയന്റിന് തൊട്ടടുത്ത് എത്തി നില്‍ക്കുന്ന ആമയെ ആണ്. മുയലോ പത്ത് മീറ്റര്‍ ദൂരെയും. ഒരു ചലനം കൊണ്ട് ആമക്ക് ജയിക്കാം. ഈ സമയം ദയ തോന്നിയ ആമയുടെ രക്ഷിതാക്കള്‍ മുയലിന് ഒരു വിട്ടുവീഴ്ച നല്‍കി. ആമയെ ചാടിത്തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ആമ അവിടെ നിശ്ചലമായി നില്‍ക്കും. പക്ഷെ ആദ്യം ചാടിയ ചാട്ടത്തിന്റെ പകുതി ദൂരം മാത്രമേ തൊട്ടടുത്ത ചാട്ടത്തില്‍ മുയല്‍ ചാടാവൂ. മുയല്‍ നിബന്ധന അംഗീകരിച്ചു. കൂട്ടുകാര്‍ക്കു പറയാമോ എത്ര ചാട്ടം കൊണ്ട് ആമയെ മറികടക്കാന്‍ മുയലിന് കഴിയും?.
പൂച്ചയും കുറുക്കനും
ഒരിക്കല്‍ ഒരിടത്ത് ഒരു പൂച്ചയും കുറുക്കനും കണ്ടുമുട്ടി. പൂച്ച പല നാട്ടുവിശേഷങ്ങളും കുറുക്കനോട് പറഞ്ഞു. കുറുക്കന്‍ തന്റെ ബുദ്ധിസാമര്‍ഥ്യത്തെപ്പറ്റി പറഞ്ഞു. അവന്‍ പൂച്ചയെ വളരെ പുച്ഛിക്കുകയും ചെയ്തു.
'നിനക്ക് മനുഷ്യന്റെ എച്ചില്‍ തിന്നാനല്ലേ അറിയൂ. എനിക്കാണെങ്കില്‍ എത്രമിടുക്കുള്ള കോഴികളേയും സൂത്രത്തില്‍ പിടിച്ച് ശാപ്പിടാന്‍ അറിയാം. നിന്റെ നൂറിരട്ടി ബുദ്ധി എനിക്കുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാന്‍ അനേകവഴികള്‍ എനിക്കറിയാം.'
'ശത്രു വന്നാല്‍ ഓടി മരത്തില്‍ക്കയറി രക്ഷപ്പെടാനേ എനിക്കറിയുളളൂ' പൂച്ച പറഞ്ഞു. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരുകൂട്ടം വേട്ടപ്പട്ടികള്‍ അവിടെ ഓടിയെത്തി. അവര്‍ പൂച്ചയെ പിടിക്കാനൊരുങ്ങി. പൂച്ച ഉടനെ ഓടി അടുത്ത മരത്തില്‍ക്കയറി രക്ഷപ്പെട്ടു. അപ്പോള്‍ വേട്ടപ്പട്ടികള്‍ പൂച്ചയെ വിട്ട് കുറുക്കന്റെ പിറകെയായി. എന്നാല്‍ കുറുക്കന്‍ രക്ഷപ്പെടാന്‍ വഴിയൊന്നും കാണാതെ വിഷമിച്ചു. വേട്ടപ്പട്ടികള്‍ വട്ടമിട്ടുനിന്ന് കുറുക്കനെ അക്രമിച്ചു. അവര്‍ അതിനെ കടിച്ചുകീറി കൊന്നു.
ഗുണപാഠം: വിദ്യ വശമുണ്ടെന്ന് അഹങ്കരിച്ചതുകൊണ്ട് കാര്യമില്ല. ആവശ്യനേരത്ത് പ്രയോഗിക്കാന്‍ പറ്റുന്ന വിദ്യയാണ് കൈയിലുണ്ടാകേണ്ടത്.
ഷാക്കിര്‍
അച്ചുവിന്റെ പൂന്തോട്ടം
അച്ചുവും കിച്ചുവും ഓരോ പൂന്തോട്ടങ്ങളുണ്ടാക്കി. അച്ചുവിന്റെ പൂന്തോട്ടത്തില്‍ ഒന്നാം ദിവസം വിരിഞ്ഞ പൂക്കളുടെ ഇരട്ടി പൂക്കളാണ് രണ്ടാം ദിവസം വിരിഞ്ഞത്. മുപ്പതാം ദിവസം പൂന്തോട്ടം നിറയെ പൂക്കള്‍ ഉണ്ടായി. ഈ സമയം കിച്ചു ചോദിച്ചു- അച്ചൂ, എപ്പോഴാണ് പൂന്തോട്ടത്തില്‍ പകുതി പൂക്കള്‍ വിരിഞ്ഞത്. കൂട്ടുകാര്‍ക്ക് അച്ചുവിനെ സഹായിക്കാമോ?
മിന്നു മോളും ഇഞ്ചക്ഷനും
അസുഖവുമായി രാവിലെ പത്തു മണിക്ക് ആശുപത്രിയിലെത്തിയ മിന്നുമോളോട് ഒരോ മണിക്കൂറിലും ഒരു ഇഞ്ചക്ഷന്‍ വീതം എടുക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. വൈകിട്ട് ഒമ്പത് മുപ്പതിന്റെ ട്രെയിനില്‍ മിന്നു മോള്‍ക്ക് തിരിച്ചു പോകേണ്ടതുണ്ട്. ഇഞ്ചക്ഷന്റെ എണ്ണം കുറയ്ക്കാന്‍ ഡോക്ടര്‍ തയാറല്ല. ആശുപത്രിയില്‍നിന്നു തന്നെ ഇഞ്ചക്ഷന്‍ എടുക്കുകയും വേണം.സ്വാഭാവികമായും പന്ത്രണ്ട് മണിക്കൂര്‍ വേണ്ടി വരുമെന്നാണ് മിന്നുമോളുടെ അച്ഛന്റെ കണക്കുകൂട്ടല്‍. കൂട്ടുകാര്‍ക്കു സഹായിക്കാമോ ?
രാമുവിന്റെ സ്ഥലം
സമചതുരാകൃതിയിലുള്ള പത്തു സെന്റ് സ്ഥലവും ഒരു വീടുമാണ് രാമുവിന് ആകെയുള്ളത്. സ്ഥലത്തിന്റെ ഒരു കോണില്‍ ചതുരാകൃതിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. തന്റെ നാലുമക്കള്‍ക്കും തുല്യഅളവില്‍ തുല്യആകൃതിയില്‍ സ്ഥലം വീതിച്ചു നല്‍കാനൊരുങ്ങുകയാണ് രാമു. ഇതെങ്ങനെ സാധിക്കും രാമുവിനെ സഹായിക്കാമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."