പട്ടികജാതിക്കാരിയായ വിധവ വീടിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല
കരുനാഗപ്പള്ളി: സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്ന കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാരിയായ ഒരു വിധവ തല ചായ്ക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീടിന് വേണ്ടി മുട്ടാത്ത വാതിലുകളില്ലാതെ ഓടി തളര്‍ന്ന് അവശയായി കഴിയുകയാണ് കുലശേഖരപുരം പഞ്ചായത്താഫിസിന് തെക്ക് വശം ആറാം വാര്‍ഡില്‍ കളീക്കതെക്കതില്‍(കരിഞ്ഞാട്ട കിഴക്കതില്‍ ) ലളിത (50) എന്ന വിധവ. പട്ടികജാതിക്കാരിയായ ഇവരുടെ ഭര്‍ത്താവ് 20 വര്‍ഷത്തിന് മുന്‍പ് ഉപേക്ഷിച്ച് പോയി. ഒടുവില്‍ ഏക ആശ്രയമായ ഒരു മകന്‍ ഉണ്ടായിരുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ടു പോവുകയും ചെയ്തു.
മാനത്ത് മഴ മേഘങ്ങള്‍ കണ്ടാല്‍ ലതയുടെ ഉള്ളം നടുങ്ങും. കാറ്റടിച്ചാല്‍ ഏത് നിമിഷവും നിലംപൊത്താറായതും ചുറ്റും പലക കൊണ്ടും ദ്രവിച്ച ഷീറ്റും ചോര്‍ന്നൊലിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുകള്‍ഭാഗംകെട്ടിയതുമായ ഒരു കുടിലില്‍ കഴിയുകയാണ് ലളിത. ഒറ്റ മുറിയുള്ള ഒരു കൊച്ചു കുടിലില്‍ കഴിയുന്ന ലളിതയ്ക്ക് വേണ്ട രീതിയില്‍ ഒരു ശൗചാലയം പോലും ഇല്ലാതെ ആകെ വലയുകയാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി ആസ്ത്മ രോഗിയായ ഇവര്‍ വീട്ട് ജോലികള്‍ ചെയ്ത് കിട്ടുന്ന വരുമാനം ഒന്ന് കൊണ്ട് മാത്രം ഒറ്റക്ക് കഴിഞ്ഞ് കൂടി വരികയാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ഒരു കുടില്‍ കെട്ടി അതിലാണ് താമസം. ഒരു വീടിന് വേണ്ടി ഗ്രാമസഭകളിലും പഞ്ചായത്തിലും ജില്ലാ കലക്ടറുടെ പക്കലും അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറേയായി. വീടിനെ കുറിച്ച് തിരക്കിയാല്‍ ഉടന്‍ ശരിയാകും എന്നുള്ള മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. സമ്പൂര്‍ണ ഭവന പാര്‍പ്പിട പദ്ധതി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിക്കഴിഞ്ഞിട്ടും ലളിതയ്ക്ക് വീട് നിഷേധിക്കുന്നതെന്ത് കാരണത്താല്‍ ആണെന്നാണ് ഇവരുടെ രോഷത്തോടെയുള്ള ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."