പാരിപ്പള്ളി മെഡിക്കല്‍ കോളജ്; അനുമതിയെ സംബന്ധിച്ച് അവകാശവാദമുന്നയിക്കുന്ന നടപടി വിചിത്രം: ബിന്ദു കൃഷ്ണ
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒരേസമയം കോളജിന് അനുമതി ലഭിക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അനുമതി ലഭിക്കുമ്പോള്‍ അവകാശവാദവുമായി രംഗത്ത് വരികയും ചെയ്യുന്ന സി.പി.എം നടപടി വിചിത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലയളവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് കാലവിളംബം ഉണ്ടാക്കിയത് സി.പി.എം ആയിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ മുന്നണി മാറ്റവും രാഷ്ട്രീയവും പറഞ്ഞ് എം.പി യെ അധിക്ഷേപിക്കുന്നത് അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നതിന് തുല്യമാണ്. കോളജ് തകര്‍ക്കാന്‍ നടത്തിയ ഗൂഢതന്ത്രങ്ങള്‍ അവതാളത്തിലായപ്പോള്‍ അനുമതിയുടെ അവകാശവാദമുന്നയിക്കുന്നത് അടവുനയത്തിന്റെ ഭാഗമാണ്.
കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച് പീതാംബരകുറുപ്പ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നീ എം.പി മാരുടെ കാലയളവില്‍ പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപകരണങ്ങള്‍ സഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറിയ കോളേജിന്റെ പിതൃത്വം വി.എസ്. അച്യുതാനന്ദന്റെയും ഗുരുദാസന്റെയും പേരില്‍ അവകാശപ്പെടുന്ന സി.പി.എം നിലപാട് നാണംകെട്ടതാണ്.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് നിരോധിക്കുന്നതിനായി സി.പി.എം ഹൈക്കോടതിയില്‍ എം.കെ. ദാമോധരന്‍ അസോസിയേറ്റ്‌സ് മുഖേന ഫയല്‍ ചെയ്തിട്ടുള്ള കേസ് ഇനിയെങ്കിലും പിന്‍വലിക്കാന്‍ തയാറുണ്ടോയെന്ന് വെളിപ്പെടുത്തണം. പാരിപ്പള്ളി കോളജിനെതിരെ ഭീമമായ ഫീസ് വാങ്ങി കേസ് നടത്തുന്ന അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കാനുള്ള സാമ്പത്തിക സ്രോതസിന്റെ ഉറവിടം അന്വേഷിച്ചാല്‍ സി.പി.എമ്മിന്റെ കള്ളക്കളി പുറത്തുവരും. പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറി സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."