സ്വത്ത് വെളിപ്പെടുത്താതെ സുപ്രിംകോടതി ജഡ്ജിമാര്‍
സ്വന്തം നിര്‍ദേശം പാലിക്കാന്‍ മടി; വെളിപ്പെടുത്തിയത് 31 ജഡ്ജിമാരില്‍ ഏഴുപേര്‍ മാത്രം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഓര്‍മപ്പെടുത്തലുണ്ടായിട്ടും സ്വന്തം സ്വത്ത് വെളിപ്പെടുത്തിയത് 31 സുപ്രിംകോടതി ജഡ്ജിമാരില്‍ ഏഴു പേര്‍ മാത്രം.
ഇതു സംബന്ധിച്ച സുപ്രിംകോടതിയുടെ തന്നെ നിര്‍ദേശമാണ് ജഡ്ജിമാര്‍ പാലിക്കാന്‍ മടി കാട്ടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ദെ, എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍. ബാനുമതി, എ.എം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവരാണ് സ്വത്ത് വെളിപ്പെടുത്തിയ ഏഴു ജഡ്ജിമാര്‍. ഇവരുടെ സ്വത്തു വിവരങ്ങള്‍ സുപ്രിംകോടതി വെബ്്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1997ല്‍ സുപ്രിംകോടതി ഫുള്‍കോര്‍ട്ടാണ് ജഡ്ജിമാര്‍ സ്വമേധയാ സ്വത്തു വെളിപ്പെടുത്തണമെന്ന നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് ഫുള്‍കോര്‍ട്ട് പ്രമേയം പാസാക്കുകയും ചെയ്തു.
ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ 2009ല്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കി. പിന്നാലെ നിരവധി ഓര്‍മപ്പെടുത്തലുകളും സുപ്രിംകോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
എന്നാല്‍ അനുസരിച്ചത് ഏഴു പേര്‍ മാത്രമാണ്. സ്വത്തു വെളിപ്പെടുത്താത്തവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന ജഡ്ജിമാരായ യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുമുണ്ട്. രണ്ടുപേരും ചീഫ് ജസ്റ്റിസുമാരാവാനുള്ളവരാണ്.
സുപ്രിംകോടതി കൊളീജിയം അംഗമായ ആര്‍.എഫ് നരിമാനും സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല. 1997ലെ ഫുള്‍ കോര്‍ട്ട് പ്രമേയം മതിയായ സമയത്തിനുള്ളില്‍ സ്വത്തു വെളിപ്പെടുത്തുകയെന്ന നിര്‍ദേശമാണ് ജഡ്ജിമാര്‍ക്ക് നല്‍കിയത്. പിന്നീട് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി രജിസ്ട്രി വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു.
ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച സുഭാഷ് അഗര്‍വാള്‍ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഇതിനെതിരേ സുപ്രിംകോടതി രജിസ്ട്രി സുപ്രിംകോടതിയില്‍ തന്നെ അപ്പീല്‍ ഫയല്‍ ചെയ്തു. അതിപ്പോഴും പരിഗണിക്കാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."