മാലിന്യം വാഴക്കൃഷിക്ക് വളമായി; നാടിന് മാതൃകയായി തങ്കശേരി മോഡല്‍
കൊല്ലം: മാലിന്യ സംസ്‌കരണം നാടിന് വെല്ലുവിളിയാകുമ്പോള്‍ കൊല്ലം കോര്‍പ്പറേഷന്റെ സഹായത്തോടെ തങ്കശേരി ഗാന്ധിസേവാ സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധ നേടുന്നു. സ്വച്ഛ് ഭാരത് പദ്ധതിയും ഹരിതകേരളം മിഷനും വിഭാവനം ചെയ്യുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയാണ് ഇവിടെ നടപ്പാക്കുന്നത്. തങ്കശേരി കടപ്പുറത്ത് 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് 2016 ഡിസംബറില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ആറ് തുമ്പൂര്‍മൂഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റുകളിലൂടെ മാലിന്യം വളമാക്കി മാറ്റുകയാണ്. ഇവിടെ നിന്നുള്ള വളം ഉപയോഗിച്ചുള്ള വാഴക്കൃഷിയുടെ ഉദ്ഘാടനം മേയര്‍ വി. രാജേന്ദ്രബാബു ഇന്നലെ നിര്‍വഹിച്ചു. മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുന്നതിന് ഗാന്ധിസേവാ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി ബോധവല്‍ക്കരണം നടത്തിവരികയാണ്. തങ്കശേരി ഹോളിക്രോസ് ഇടവകയും പരിപാടിക്ക് പിന്തുണ നല്‍കി.
പല വീട്ടുകാര്‍ക്കും സ്വന്തം നിലയില്‍ മാലിന്യം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത ഇവിടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നത് കമ്മ്യൂണിറ്റി കമ്പോസ്റ്റ് യൂണിറ്റുകളാണെന്ന് ശുചിത്വമിഷന്‍ വിലയിരുത്തി. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച ശേഷം പ്രദേശത്തെ ഫ്‌ളാറ്റുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ അഴുകുന്ന മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് അതത് ആളുകള്‍തന്നെ കമ്പോസ്റ്റ് യൂണിറ്റില്‍ എത്തിക്കുകയാണ്.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ വീട്ടില്‍ പ്രത്യേകം സൂക്ഷിച്ച് നിശ്ചിത ദിവസം കോര്‍പ്പറേഷന് കൈമാറുന്നു. കോര്‍പ്പറേഷന്റെയും ഗാന്ധിസേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ വര്‍ഷം ജൈവ വാഴക്കൃഷി ആരംഭിച്ചത്. കടല്‍തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിനാണ് അടുത്ത ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ ബോധവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തും.
ഉദ്ഘാടനച്ചടങ്ങില്‍ കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ജയന്‍, കൗണ്‍സിലര്‍ ഡോ ഉദയാ സുകുമാരന്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍, ഇടവക വികാരി ഫാ.ഷാജി ജെര്‍മന്‍, മുന്‍ കൗണ്‍സിലര്‍ ജെ സ്റ്റാന്‍ലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശശികുമാര്‍, ഐ.ആര്‍.ടി.സി കോഓര്‍ഡിനേറ്റര്‍ ജയലക്ഷ്മി, സൂരജ് സംസാരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു, ഗാന്ധിസേവാ സംഘം പ്രവര്‍ത്തകരായ ബി സ്റ്റാന്‍ലി, ക്യാമ്പല്‍ പയസ്, ഡെന്നീസ്, നിക്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."