HOME
DETAILS

വിവാദപ്പാളത്തില്‍ ഓടുന്ന കൊച്ചി മെട്രോ

  
backup
May 20 2017 | 23:05 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d

കൊച്ചി മെട്രോ ആരു തന്നെ ഉദ്ഘാടനം ചെയ്താലും സാധാരണക്കാരായ നാട്ടുകാര്‍ക്ക് ഒരു കുഴപ്പവുമില്ല. നാട്ടുകാര്‍ക്ക് വണ്ടി ഓടിക്കിട്ടിയാല്‍ മാത്രം മതി. ശരിക്കും പറഞ്ഞാല്‍ ഇ. ശ്രീധരനാണ് അത് ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവുമധികം യോഗ്യതയുള്ളയാള്‍. അല്ലെങ്കില്‍ അതിന്റെ ജോലിയില്‍ പങ്കാളിയായ ഏതെങ്കിലും തൊഴിലാളി ഉദ്ഘാടനം ചെയ്താലും മതി. ഇനി സ്ഥലം എം.എല്‍.എയോ വാര്‍ഡ് മെമ്പറോ ആയാലും വണ്ടി ഓടാതിരിക്കുകയൊന്നുമില്ല. വണ്ടി സമയത്തിന് ഓടാതെ നമ്മുടെ സാധാരണ ട്രെയിനുകളെപ്പോലെ 'ആനേ കീ സംഭാവനാ ഹേ' എന്നു പറഞ്ഞ് അനിശ്ചിതമായി വൈകിയാല്‍ മാത്രമായിരിക്കും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ടാകുക.

അതുകൊണ്ടു തന്നെ കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ചെവികൊടുത്ത് സാധാരണക്കാര്‍ സമയം കളയേണ്ട കാര്യമില്ല. പഞ്ചായത്ത് കിണര്‍ മുതല്‍ വിമാനത്താവളം വരെ ഉദ്ഘാടനം ചെയ്യാനുള്ള ആക്രാന്തവുമായി നടക്കുന്ന അധികാര രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഈ തര്‍ക്കത്തില്‍ താല്‍പര്യമുള്ളത്. അവര്‍ക്ക് ചടങ്ങുകളില്‍ പരമാവധി മികച്ച ഇടം കിട്ടണം. മാധ്യമങ്ങളില്‍ പരമാവധി വലുപ്പത്തില്‍ ചിത്രവും പേരും വരണം. എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ വലിയ ചിത്രവുമായി പ്രാധാന്യത്തോടെ വാര്‍ത്ത വരുമെന്ന് ഉറപ്പുകിട്ടിയാല്‍ വേണമെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ പോലും തയാറായി നില്‍ക്കുന്ന രാഷ്ട്രീയക്കാരുള്ള നാടാണിത്. അധികാര മോഹത്തില്‍ നിന്ന് രൂപംകൊള്ളുന്ന ഒരുതരം മനോവൈകല്യമാണത്. കഷണ്ടിയെപ്പോലെ തന്നെ ഇതിനും മരുന്നില്ല. കഷണ്ടി വേണമെങ്കില്‍ വിഗ് വച്ചു മറയ്ക്കാം. ഇത് അങ്ങനെ എളുപ്പത്തില്‍ മറയ്ക്കാവുന്ന കാര്യമല്ല. എത്ര വലിയ ആദര്‍ശം കൊണ്ട് അലക്കിത്തേച്ച കുപ്പായമിട്ടാലും ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ അതു പുറത്തുചാടും.
ഈ മനോഭാവങ്ങള്‍ തമ്മിലുള്ള പോരാണ് സത്യത്തില്‍ കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിലുള്ളത്. ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നത് ഒഴിവാക്കാന്‍ എന്തോ ചില നീക്കങ്ങള്‍ അണിയറയില്‍ നടന്നിട്ടുണ്ടെന്നു വ്യക്തമാണ്. കാര്യം പ്രധാനമന്ത്രിയൊക്കെയാണെങ്കിലും തങ്ങള്‍ക്കിഷ്ടമില്ലാത്ത മോദി മെട്രോയുടെ പേരില്‍ ഇവിടെ വന്ന് 'മേരാ പ്യാരീ ദേശ് വാസിയോം' എന്നു പറഞ്ഞ് നെഞ്ചു വിരിച്ച് വിലസേണ്ടെന്നും ഇരട്ടച്ചങ്കുള്ള തങ്ങളുടെ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യട്ടെ എന്നും ചിലര്‍ കരുതിക്കാണും. എന്നാല്‍ ഒരു കാരണവും പറയാതെ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് തര്‍ക്കങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ മോദിക്ക് എത്താന്‍ സൗകര്യമില്ലാത്ത ദിവസം നോക്കി ഉദ്ഘാടനം നിശ്ചയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതങ്ങ് പ്രഖ്യാപിച്ചു എന്നാണ് സംഘ്പരിവാറിന്റെ ആരോപണം.
പറയുന്നത് സംഘ്പരിവാര്‍ ആണെങ്കിലും സാഹചര്യത്തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ ആ ആരോപണത്തില്‍ ശരി ഇല്ലാതില്ലെന്ന് ആരും പറയുകയും ചെയ്യും.
അധികാരവുമായി ബന്ധപ്പെട്ട ഇതേ കോംപ്ലക്‌സ് തന്നെയാണ് സംഘികളെയും ബാധിച്ചിരിക്കുന്നത്. സംഘികളുടെ എല്ലാമെല്ലാമായ മോദിയെ കൊച്ചാക്കുന്നു എന്ന തോന്നലില്‍ നിന്നുള്ള ദുരഭിമാനവും അമര്‍ഷവുമാണ് കുമ്മനവും കൂട്ടരും പ്രകടിപ്പിച്ചത്. അതു വിവാദമായി പടര്‍ന്നപ്പോള്‍ കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തി. ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്നും ഏതോ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വിവാദമാണെന്നും മുഖ്യമന്ത്രിയുടെ ഭാഷ്യം. മന്ത്രിയായ കടകംപള്ളി പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത ഔദ്യോഗിക പത്രക്കുറിപ്പ് പിന്നെ എവിടെ നിന്ന് വന്നു എന്ന ചോദ്യം അപ്പോഴും ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.
മറ്റു പല വിഷയങ്ങളിലുമെന്നപോലെ തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു സംഭവിക്കുന്ന വീഴ്ചയാണ് ഇവിടെയും പ്രകടമാകുന്നത്. കൂട്ടുത്തരവാദിത്തമുള്ള ഒരു മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു മന്ത്രിക്ക് ഇത്ര പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്ത് പ്രഖ്യാപിക്കാനാവില്ല. അപ്പോള്‍ പിന്നെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മലക്കംമറിയേണ്ടി വന്നെന്ന് വ്യക്തം.
ഒരു തീരുമാനമെടുത്താല്‍ അത് സത്യസന്ധമായി വെട്ടിത്തുറന്നു പറയാന്‍ ഒരു സര്‍ക്കാരിനു സാധിക്കണം. മെട്രോ ട്രെയിന്‍ സര്‍വിസുകള്‍ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന നിയമമൊന്നും നാട്ടിലില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മെട്രോ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിമാരല്ല. അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞ് എടുത്ത തീരുമാനത്തെ ന്യായീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ആരെയാണ് ഭയപ്പെടുന്നത് ?
*** *** ***
നമ്മുടെ രാജ്യത്തെ ചില ക്ഷേത്രങ്ങള്‍ക്കടുത്ത് സവിശേഷതയുള്ള ചില കുളങ്ങളും നീരൊഴുക്കുകളും ഗുഹകളുമൊക്കെയുണ്ട്. ആ കുളങ്ങളിലോ നീരൊഴുക്കുകളിലോ കുളിക്കുകയോ ഗുഹകളില്‍ കയറുകയോ ചെയ്താല്‍ സര്‍വ പാപങ്ങളും തീരുമെന്നാണ് വിശ്വാസം. തിരുവനന്തപുരത്തെ എ.കെ.ജി സെന്റര്‍ വളപ്പിലും ഇതുപോലെ എന്തോ ഒന്ന് അദൃശ്യമായി ഉണ്ടെന്നാണ് തോന്നുന്നത്. അതുവഴി പോകുന്നവരുടെ സകല പാപങ്ങളും ഒഴുകിപ്പോകും. ഒരുകാലത്ത് ഈ ഓഫിസില്‍ നിന്നു തന്നെ പുറത്തിറങ്ങിയ പ്രസ്താവനകളില്‍ മഹാപാപികളും അഴിമതിക്കാരും അധര്‍മികളുമൊക്കെയായി വിശേഷിപ്പിക്കപ്പെട്ടവര്‍ ഇപ്പോള്‍ വിശുദ്ധരായി മാറിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
അടുത്തകാലം വരെ സി.പി.എമ്മിനും ഇടതുമുന്നണിക്കുമൊക്കെ കടുത്ത അഴിമതിക്കാരനായിരുന്നു കെ.എം മാണി. എന്നാല്‍ കോട്ടയത്തു നിന്ന് എ.കെ.ജി സെന്ററിലേക്ക് മാണി ഒരു പാലമിട്ടപ്പോള്‍ അദ്ദേഹം വിശുദ്ധനായി. ഇനിയിപ്പോള്‍ മാണിയുടെ അഴിമതിയെക്കുറിച്ച് സഖാക്കള്‍ ഒന്നും മിണ്ടില്ല. മാണിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടിയിപ്പോള്‍. തൊട്ടുപിറകെ വിശുദ്ധപദവി നേടാന്‍ അവസരം കിട്ടിയത് അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിള്ളയുടെ പാര്‍ട്ടിയെ ഇടതുമുന്നണി കൂടെ കൂട്ടിയിരുന്നെങ്കിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല. ഇപ്പോള്‍ അതുമായി. കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി നല്‍കിക്കൊണ്ടാണ് ഇടതു സര്‍ക്കാര്‍ പിള്ളയ്ക്കു വിശുദ്ധ പട്ടം നല്‍കിയത്. പിള്ളയ്ക്കു പിറകെ നടന്ന് കേസ് നടത്തി അദ്ദേഹത്തെ ജയിലിലടച്ചത് സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ അവശേഷിക്കുന്ന ഒരേയൊരാളായ വി.എസ് അച്യുതാനന്ദനാണ്. വിഎസിനു സര്‍ക്കാര്‍ നല്‍കിയതിനു തുല്യമായ പദവി തന്നെയാണ് പിള്ളയ്ക്കും നല്‍കിയത്. പിള്ളയെ കൂടെ ഉറപ്പിച്ചു നിര്‍ത്തുന്നതിനൊപ്പം വി.എസിനിട്ട് ഒരു താങ്ങല്‍ കൂടി സാധ്യമായ സായൂജ്യത്തിലാണ് പാര്‍ട്ടി നേതാക്കള്‍. ഇതില്‍ വി.എസ് നീരസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.
ഈ വിശുദ്ധവല്‍ക്കരണം ഇവിടംകൊണ്ടും അവസാനിക്കുകയില്ലെന്നാണ് തോന്നുന്നത്. മറ്റൊരാള്‍ കൂടി വിശുദ്ധപദത്തിലേറാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതിയായി വി.എസിന്റെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നയാള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ ബാര്‍ക്കോഴ പോലെ തന്നെ വെള്ളാപ്പള്ളിയുടെ തട്ടിപ്പുകേസും ഇടതുമുന്നണിക്കു വലിയൊരു പ്രചാരണായുധമായിരുന്നു. എന്നാലിപ്പോള്‍ കഥ മാറി. കേസില്‍ നിന്ന് തലയൂരുന്നതടക്കം പല കാര്യങ്ങള്‍ക്കും വെള്ളാപ്പള്ളിക്കു ഭരണമുന്നണിയുടെ കൂട്ടു വേണം. തിരിച്ച് വെള്ളാപ്പള്ളിയുമായി സൗഹൃദം സി.പി.എമ്മും ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോള്‍ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും എത്ര പുകഴ്ത്തിയിട്ടും മതിയാകുന്നില്ല. അധികം വൈകാതെ തന്നെ വെള്ളാപ്പള്ളിയും വിശുദ്ധനാക്കപ്പെടുമെന്നാണ് കാര്യങ്ങളുടെ കിടപ്പു കാണുമ്പോള്‍ തോന്നുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  14 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  16 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  36 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  44 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago