സബര്‍മതി സ്‌ഫോടനം: 16 വര്‍ഷത്തിന് ശേഷം ഗുല്‍സാറിനു മോചനം
ന്യൂഡല്‍ഹി: 2000ലെ സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിദ്യാര്‍ഥി ഗുല്‍സാര്‍ അഹമ്മദ് വാനിയെ 16 വര്‍ഷത്തിനു ശേഷം കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ ബാരബങ്കി വിചാരണക്കോടതിയുടേതാണു നടപടി. കേസില്‍ കൂട്ടുപ്രതിയായിരുന്ന മുബീനെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ തെളിവു ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.എ.ഖാന്‍ വിലയിരുത്തി.
2001 ജൂലൈ 31ന് 28ാം വയസില്‍ അറസ്റ്റിലാകുമ്പോള്‍ അലിഗഢ് സര്‍വകലാശാലയിലെ അറബിക് വകുപ്പിലെ ഗവേഷണവിദ്യാര്‍ഥിയായിരുന്നു ഗുല്‍സാര്‍. വിചാരണത്തടവുകാരനായി 16 വര്‍ഷം ജയിലില്‍ക്കിടന്ന ശേഷം നിരപരാധിയെന്നു കണ്ടെത്തുമ്പോള്‍ ഗുല്‍സാറിന് വയസ് 44. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ഗുതുരമായ 14 കേസുകളാണ് ഗുല്‍സാറിനെതിരേ ചുമത്തിയിരുന്നത്.
സബര്‍മതി സ്‌ഫോടനക്കേസ് കൂടാതെ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി 2000ത്തിനു മുന്‍പ് നടന്ന 10 ഭീകരാക്രമണകേസുകളിലും ഗുല്‍സാറിനെ ഡല്‍ഹി പൊലിസ് പ്രതിചേര്‍ത്തിരുന്നു. ഇതില്‍ 10 കേസുകളിലും ഗുല്‍സാര്‍ നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ സബര്‍മതി കേസിലും ഗുല്‍സാറിനെ കുറ്റവിമുക്തനാക്കിയത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ജയില്‍മോചിതനാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
10 കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഗുല്‍സാര്‍ 16 വര്‍ഷമായിട്ടും ഒരു കേസിന്റെ പേരില്‍ ജയിലില്‍ക്കഴിയുന്നത് നാണക്കേടുണ്ടാക്കുന്നതാണെന്ന് ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെ കഴിഞ്ഞമാസം സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ വരുന്ന നവംബറില്‍ ഗുല്‍സാറിനു ജാമ്യം നല്‍കണമെന്നും കേസ് വേഗം തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ കേസിന്റെ വിചാരണ നിരീക്ഷിക്കാന്‍ ബാരബങ്കി ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച നാലംഗ സമിതിയെ നിയോഗിക്കുകയുണ്ടായി. പ്രോസിക്യൂഷന്‍(ബാരബങ്കി), ജോയിന്റ് ഡയറക്ടര്‍ ആര്‍.കെ.ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിരീക്ഷണത്തില്‍ വിചാരണ വേഗത്തിലാക്കുകയായിരുന്നു.
2000 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനവാര്‍ഷികത്തിലാണ് മുസഫര്‍പൂരില്‍ നിന്ന് അഹ്മദാബാദിലേക്കു പോകുകയായിരുന്ന സബര്‍മതി എക്‌സ്പ്രസ് ട്രെയിനില്‍ സ്‌ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ കശ്മിര്‍ ബാരാമുല്ല ജില്ലയിലെ പഠാന്‍ സ്വദേശിയായ ഗുല്‍സാറിനെ 2001ലാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുമ്പോള്‍ ഗുല്‍സാറിന്റെ കൈവശം തോക്കും സ്‌ഫോടകസാമഗ്രികളും ഉണ്ടായിരുന്നുവെന്നും പൊലിസ് ആരോപിച്ചിരുന്നു. അന്നുമുതല്‍ ലഖ്‌നൗ ജയിലിലാണ് ഗുല്‍സാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."