സര്‍ക്കാര്‍ വയോജനനയം ആവിഷ്‌കരിക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: വയോജനങ്ങള്‍ക്കായി സുരക്ഷയും കരുതലും സമഗ്ര ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വയോജനയം ആവിഷ്‌കരിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിഹാളില്‍ നടന്ന 'സുരക്ഷിത വാര്‍ധക്യം സാധ്യമാണ് ' എന്ന ആശയം ആസ്പദമാക്കി കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയും പാലക്കാട് ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയത്് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ വയോജനങ്ങള്‍ക്കായി നടത്തിവരുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യമരുന്ന് വിതരണവും മറ്റ് ആനുകൂല്യങ്ങള്‍ ഫലപ്രദമായി നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വയോജനസംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുളള പരിശോധനാ കമ്മിറ്റി സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ടില്‍ വയോജനങ്ങള്‍ക്കായുളള സ്വകാര്യസ്ഥാപനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ വിവിധ പരിഹാര മാര്‍ഗ്ഗങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മക്കളില്‍ നിന്ന് സാമ്പത്തികവും മാനസികവുമായ സംരക്ഷണം ലഭിച്ചില്ലെങ്കില്‍ ട്രിബ്യൂണിലിനെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നവകേരളമിഷന്റെ ഭാഗമായുളള മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന 'ആര്‍ദ്രം' പദ്ധതിയിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കുടുംബസൗഹാര്‍ദ്ദ അന്തരീക്ഷം സജ്ജമാക്കും. കേന്ദ്രങ്ങള്‍ വഴി വയോജനങ്ങള്‍ക്ക്് സൗജന്യമരുന്ന് വിതരണവും സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനപരിപാടിയില്‍ രാജീവ് ഗാന്ധി സഹകരണ ആശുപത്രി എം.ഡി മണികണ്ഠന്‍ അധ്യക്ഷനായി. സഹജീവനം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഗിരീഷ് കടുന്തിരുത്തി, എം.കെ.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."