ഓറഞ്ചുത്സവം
ബിര്‍മിങ്ഹാം: ലോകകപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ബിര്‍മിങ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇന്ന് നിര്‍ണായക പോരാട്ടമാണ്. ഇന്ന് ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് സെമിഫൈനലില്‍ പ്രവേശിക്കാം. ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലും പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ട് തോല്‍വിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുമെന്ന ഭയത്തിലാണ് ടീം. മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. ഒരുപക്ഷേ ഇന്ത്യയോട് തോല്‍ക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ സെമിസാധ്യത കഠിനമാകും. ഇന്ന് ഇന്ത്യയെയും അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇംഗ്ലണ്ടിന് സെമിയില്‍ പ്രവേശിക്കാനാവൂ. രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍ ടീമുകള്‍ക്ക് 7 പോയിന്റുണ്ട്. അവര്‍ ശേഷിക്കുന്ന രണ്ട് കളികള്‍ ജയിക്കുകയും ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്താല്‍ ആതിഥേയര്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവും.
അപരാജിത കുതിപ്പോടെ
ലോകകപ്പില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെ 11 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ബാറ്റിങ്ങിലും ബൗളിങിലും ഒരുപോലെ മികവ് കാട്ടിയാണ് ഇന്ത്യ ഈ ലോകകപ്പില്‍ തേരോട്ടം തുടരുന്നത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവരുടെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ വിജയ് ശങ്കര്‍, കേദാര്‍ ജാദവ് എന്നിവര്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ബുംറ, ഷമി, ചഹല്‍, കുല്‍ദീപ് എന്നിവരടങ്ങിയ ബൗളിങ് സഖ്യമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ തുരുപ്പുചിട്ടുകള്‍. രണ്ട് കളികളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ.
വിജയമില്ലാതെ ശങ്കര്‍
നാലാം നമ്പറില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവയ്ക്കുന്ന വിജയ് ശങ്കറിനെ ഈ മത്സരത്തില്‍ പുറത്തിരുത്താനാണ് സാധ്യത. വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയോ ദിനേഷ് കാര്‍ത്തികിനേയോ കളിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മത്സരത്തിലും വിജയ് കളിക്കാനിറങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 58 റണ്‍സും രണ്ട് വിക്കറ്റുമാണ് വിജയ് ശങ്കര്‍ നേടിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കറിനെ മാറ്റരുത് എന്ന പരിഹാസവുമായി മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും രംഗത്തെത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ട വിരാട് ആന്‍ഡ് രവി, വിജയ് ശങ്കറിനെ ഒഴിവാക്കരുത്. അവന്‍ അവന്റെ ഫോമിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാളെത്തെ കളിയില്‍ അവന്‍ നിങ്ങളെ വിജയിപ്പിക്കും. പന്തിനെക്കുറിച്ച് ചിന്തിക്കുകയേ അരുത്. നിങ്ങളുടെ ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ അവന് മൂന്നാഴ്ചത്തെ തയാറെടുപ്പ് വേണ്ടി വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
കോഹ്‌ലിയെ ഉന്നംവച്ച് മൊയീന്‍ അലി
ഇന്ത്യക്ക് മത്സരത്തിന് മുന്‍പേ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലീഷ് ബൗളര്‍ മൊയീന്‍ അലി. ടൂര്‍ണമെന്റിലെ പ്രധാനപ്പെട്ട വിക്കറ്റുകളിലൊന്നാണ് വിരാട് കോഹ്‌ലിയുടേത്. അത് വീഴ്ത്തിയാല്‍ ഇന്ത്യക്കെതിരേ വിജയം നേടാമെന്നും അലി പറയുന്നു. അതുകൊണ്ട് തന്റെ ലക്ഷ്യം കോഹ്‌ലിയുടെ വിക്കറ്റാണെന്നും മൊയീന്‍ അലി വ്യക്തമാക്കി. ഐ.പി.എലില്‍ ബംഗളൂരുവിന്റെ താരമായിരുന്ന മൊയീന്‍ അലിക്ക് കോഹ്‌ലിയുടെ ബാറ്റിങ് ശൈലിയെ കുറിച്ച് നന്നായി അറിയാം.
2019 ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഒന്നില്‍ പോലും കോഹ്‌ലിയ്ക്ക് സെഞ്ചുറി നേടാനായിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായി 4 മത്സരങ്ങളില്‍ താരം അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ കോഹ്‌ലിക്ക് 2019 ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി നേട്ടത്തിന്റെ വേദിയാക്കാം ഇംഗ്ലണ്ടിനെതിരായ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."