കൊച്ചു കൂട്ടുകാരുടെ ഇമ്മിണി ബല്യ സഹായം
മുക്കം: ഉരുള്‍പൊട്ടലില്‍ ഏഴ് മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും അഞ്ച് വീടുകള്‍ ഒലിച്ചുപോവുകയും നിരവധി പേര്‍ക്ക് സ്വന്തം കൃഷി ഭൂമിയും സ്ഥലവുമടക്കം നഷ്ടമായ വെറ്റിലപ്പാറയില്‍ സഹജീവി സ്‌നേഹത്തിന്റെ പുതിയ മാതൃക തീര്‍ത്ത് സഹായവുമായി കൊച്ചു കൂട്ടുകാരത്തി.
പന്നിക്കോട് എ.യു.പി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളും ജെ.ആര്‍.സി യൂനിറ്റിലെ വിദ്യാര്‍ഥികളുമാണ് ഭക്ഷണസാധനങ്ങളും പുസ്തകങ്ങളും വീട്ടുപകരണങ്ങളുമായി ഓടക്കയത്തെത്തിയത്. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളിലേക്ക് ഓടക്കയത്ത് നിന്ന് സഹായമഭ്യര്‍ഥിച്ച് വിളിയെത്തിയത്.
ഉടന്‍ തന്നെ പ്രധാനാധ്യാപിക കെ.കെ ഗംഗയും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഹക്കീം കളന്‍തോടും വിവരം വിദ്യാര്‍ഥികളേയും പി.ടി.എ കമ്മിറ്റി അംഗങ്ങളെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു.
ഓരോ കുടുംബത്തിനുമാവശ്യമായ പത്ത് കിലോ അരി, രണ്ട് കിലോ പഞ്ചസാര, 250 ഗ്രാം ചായപ്പൊടി, ഉപ്പ്, ആട്ട, മല്ലി, മുളക്, വന്‍പയര്‍, പരിപ്പ്, ചെറുപയര്‍, കടല, പപ്പടം എന്നിവ വാങ്ങി പായ്ക്കുകളിലായി നിറച്ചാണ് യാത്ര തിരിച്ചത്.
പി.ടി.എ പ്രസിഡന്റ് ബഷീര്‍ പാലാട്ട്, എം.പി.ടി.എ പ്രസിഡന്റ് സുലൈഖ പൊലുകുന്നത്ത്, മാനേജര്‍ സി. കേശവന്‍ നമ്പൂതിരി, ഷരീഫ് ആദംപടി, പ്രധാനധ്യാപിക കെ.കെ ഗംഗ, പി. സൈതലവി, റീജ, ഐ. ശങ്കരനാരായണന്‍, രമ്യ സുമോദ്, സുഭഗ ഉണ്ണികൃഷ്ണന്‍, ഹക്കീം കളന്‍തോട്, ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."