പുനലൂരില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ വര്‍ക്ക്‌ഷോപ്പിന് ഇതുവരേയും അനുമതി ലഭിച്ചില്ല
കൊല്ലം: നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രവാസിയുടെ കുടുംബത്തിന് ഇനിയും നീതി ലഭിച്ചില്ല. കണ്ണൂരിലെ പ്രവാസി വ്യവസായിയായ സാജന്‍ പാറയിലിന്റെ മരണത്തോടെയാണ് ഒന്നര വര്‍ഷം മുന്‍പ് മരണപ്പെട്ട കൊല്ലത്തെ സുഗതന്‍ എന്ന പ്രവാസിയുടെ കുടുംബം അനുഭവിക്കുന്ന തീരാ ദുഃഖങ്ങളും വീണ്ടും ചര്‍ച്ചയായത്.
2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനിലെ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്‌ഷോപ്പില്‍ പണം ആവശ്യപ്പെട്ട് സി.പി.ഐയും, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്.
പിതാവിന്റെ മരണത്തോടെ വര്‍ക്ക്‌ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച സുഗതന്റെ മക്കള്‍ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറിങ്ങിയത്. മക്കളായ സുനിലും സുജിത്തും ലൈസന്‍സിനായി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സത്യാഗ്രഹമിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ സി. വിജയന്‍ വര്‍ക്ക് ഷോപ്പിലെത്തി നല്‍കിയ ഉറപ്പും പാഴായി. ഒന്‍പതിനായിരം രൂപ കരം സ്വീകരിച്ച് ഷെഡിനു നമ്പര്‍ നല്‍കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയില്‍, കഴിഞ്ഞ ഫെബ്രുവരി 8ന് ' ശ്രീ സുഗതന്‍ ' ഓട്ടോമൊബൈല്‍സ് എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പ് സുഗതന്റെ ഭാര്യ സരസമ്മ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും പഞ്ചായത്ത് ഇതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ല.
സുഗതന്റെ മരണശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഹായം വാഗ്ദാനം നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ച വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് കിട്ടാതെ നെട്ടോട്ടമോടുകയാണ് സുഗതന്റെ മക്കള്‍. ഒപ്പമുണ്ടാകുമെന്ന് കരുതിയ സര്‍ക്കാരും കൈമലര്‍ത്തിയതോടെയാണ് കുടുംബം തീര്‍ത്തും ദുരിതത്തിലായത്. സഹായം അഭ്യര്‍ഥിച്ചപ്പോള്‍ മന്ത്രി കെ. രാജു അപമാനിച്ച് ഇറക്കിവിട്ടെന്ന് സുഗതന്റെ മക്കള്‍ പറഞ്ഞു.
തണ്ണീര്‍തട നിയമം പറഞ്ഞ് ലൈസന്‍സ് നിഷേധിച്ച് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ പ്രവാസിയുടെ മരണത്തില്‍ ആരോപണ വിധേയരായ സി.പി.ഐയും റവന്യൂ വകുപ്പിന്റെയും ഇടപെടലാണന്ന ആക്ഷേപം ശക്തമാണ്.
വസ്തു ഉടമയെകൊണ്ട് മൂന്ന് വര്‍ഷത്തേക്കുള്ള എഗ്രിമെന്റ് കാലാവധി വെട്ടിക്കുറച്ച് സ്ഥലത്തുനിന്നും വര്‍ക്ക്‌ഷോപ്പ് പൊളിച്ചു മാറ്റാനുള്ള അണിയറ നീക്കങ്ങളും സജീവമായി നടക്കുന്നുണ്ടെന്ന് സുഗതന്റെ മക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."