മുറിവുണങ്ങാതെ രാമന്തളി
നഷ്ടപ്രതാപത്തിന്റെ കൊടുമുടിയിലാണിന്ന് ഏഴിമലയുടെ സ്വന്തം രാമന്തളി ഗ്രാമം. കടലില്‍ നിന്ന് മല തുടങ്ങുന്നതിനാല്‍ ആഴിമലയെന്നും പിന്നീട് ഏഴിമലയെന്നും അറിയപ്പെട്ട ഈ മലയുടെ മടിത്തട്ടില്‍ പ്രകൃതിയുടെ വരദാനത്തില്‍ കഴിഞ്ഞ രാമന്തളിക്ക് അതീജീവനത്തിന്റെയും സമരങ്ങളുടെയും അനേകം കഥകളുണ്ട്...
[caption id="attachment_331487" align="alignleft" width="500"] ഏഴിമല അക്കാദമിക്കെതിരേയുള്ള നാട്ടുകാരുടെ നിരാഹാര സമരം[/caption]
''മുള്ളുകമ്പികള്‍ പാകിയ പടുകൂറ്റന്‍ മതില്‍ക്കെട്ടുകളാല്‍ നാട്ടുകാരായ ഞങ്ങളെ പരസ്പരം വേര്‍പെടുത്തിയിട്ട് വര്‍ഷം 30 കഴിഞ്ഞിരിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ സ്വന്തമായിരുന്നവ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണ്ണും വായുവും ജലവും അതില്‍ അവസാനം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു പ്രദേശം ശവപ്പറമ്പിനു തുല്ല്യമല്ലെന്നുണ്ടോ ''-നാരായണേട്ടന്റെ വാക്കുകളാണിത്.
കുടിവെള്ളത്തിനായി സമരംചെയ്യുന്ന രാമന്തളിക്കാരില്‍ ഒരാളാണ് നാരായണേട്ടന്‍. ഈ സമരം മൂന്നു മാസം പൂര്‍ത്തീകരിക്കാന്‍ ഇനി അധിക നാളുകളില്ല. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച നാവിക അക്കാദമിയുടെ കവാടത്തിനു മുന്നിലിരുന്ന് ഒരു ജനത മുഴുവന്‍ ഇന്നു കുടിവെള്ളത്തിനായി സമരത്തിലാണ്.
''കുത്തക കമ്പനികള്‍ കുടിവെള്ളം നഷ്ടപ്പെടുത്തിയതിനല്ല, മറിച്ച് ജനങ്ങള്‍ക്കു സുരക്ഷ നല്‍കേണ്ട രാജ്യത്തിന്റെ സുപ്രധാന സ്ഥാപനത്തോടാണ് ഞങ്ങള്‍ കുടിനീരിനായി കേഴുന്നത്.'' സമരപ്പന്തലില്‍ നിന്ന് രാമന്തളിക്കാര്‍ ആര്‍ത്തുവിളിക്കുന്നതിന്റെ സാരം അതാണ്.
ഈ മലമൂട്ടില്‍ ഒരുകാലത്ത് പ്രൗഢിയോടെ നിലനിന്ന ഗ്രാമമായിരുന്നു രാമന്തളി. തീരദേശവും മലയോരവും വയല്‍ക്കരയും ചേരുന്ന കേരളത്തിലെ തന്നെ അപൂര്‍വ സുന്ദരമായ നാടുകളില്‍ ഒന്ന്. മൂന്ന് വിള കൊയ്യാവുന്ന നെല്‍പ്പാടവും തെങ്ങും കുരുമുളകും തുടങ്ങി ഗ്രാമഭംഗി ആവോളം നിറഞ്ഞ നാട്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത തന്നെയാണ് വിവിധ പഠനങ്ങളുടെ അകമ്പടിയോടെ ഏഴിമലയില്‍ നാവിക അക്കാദമി കമ്മിഷന്‍ ചെയ്യുന്നതിലേക്കും നയിച്ചത്.
1983-84 കാലഘട്ടത്തില്‍ അക്കാദമിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഘട്ടത്തില്‍ കിടപ്പാടവുമായി പലായനം ചെയ്യുന്ന രാമന്തളിക്കാരുടെ ചിത്രം ഇന്നും ഇവിടുത്തുകാര്‍ മറന്നിട്ടില്ല. 2,800 ഏക്കര്‍ ഭൂമിയാണ് ഏഴിമലയില്‍നിന്നു അക്കാദമിക്കായി ഏറ്റെടുത്തത്. ഇതോടെ ഇവിടെ ഉണ്ടായിരുന്ന ആയിരത്തിലധികം കുടുംബങ്ങളെയാണ് അന്നു പറിച്ചുമാറ്റിയത്. പിന്നീട് അക്കാദമിയുടെ നി ര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ വര്‍ഷങ്ങളോളം ഇതര സംസ്ഥാനക്കാരുടെ ഒഴുക്കിനാ ണ് രാമന്തളിക്കാര്‍ സാക്ഷികളായത്. മുക്കിലും മൂലയിലും ഇവര്‍ തമ്പടിച്ചതോടെ ഉത്തരേന്ത്യയുടെ മണമായിരുന്നു ഈ നാടിന്. ഗ്രാമീണതയുടെ സ്വാഭാവികത അന്നുമുതല്‍ രാമന്തളിക്ക് നഷ്ടപ്പെടാന്‍ തുടങ്ങി.
അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ രാമന്തളിക്കാരുടെ നിത്യജീവിതവും മാറാന്‍ തുടങ്ങിയിരുന്നു. അതിജീവനത്തിനായി നിരന്തരം സമരങ്ങളിലേക്ക് അവര്‍ എടുത്തെറിയപ്പെട്ടു. പലായനത്തിന്റെ മുറിവുണങ്ങാത്ത രാമന്തളിയിലേക്ക് 2016ല്‍ സ്ഥലമേറ്റെടുപ്പ് നടപടികളുമായി നേവല്‍ അധികൃതര്‍ വീണ്ടുമെത്തി. ശക്തമായ സമരങ്ങളും രാഷ്ട്രീയ ഇടപെടലും കൊണ്ട് ആ നീക്കത്തെ ചെറുക്കാനായെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. താല്‍ക്കാലികമായി ഏറ്റെടുക്കല്‍ നടപടി പിന്‍വലിച്ചതിനു പിന്നാലെയാണ് കുടിവെള്ളത്തിനായി അക്കാദമിയോട് സമരത്തിനിറങ്ങേണ്ട ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
2005ല്‍ 600 കേഡറ്റുകള്‍ ഉള്‍പ്പെടെ 2,000 പേര്‍ക്കായി തുടങ്ങിയ അക്കാദമിയില്‍ ഇപ്പോള്‍ 1,500 കേഡറ്റുകള്‍ ഉള്‍പ്പെടെ 6,000 പേര്‍ താമസിക്കുന്നുണ്ട്. അംഗസംഖ്യ ഉയര്‍ന്നതോടെ അക്കാദമിയിലെ മാലിന്യത്തിന്റെ തോതും ക്രമാതീതമായി വര്‍ധിച്ചു. ഇതോടെ ആറു ലക്ഷം ലിറ്റര്‍ മലിനജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭൂഗര്‍ഭഅറകളോടെ ഒരു മാലിന്യപ്ലാന്റ് ഈ മണ്ണില്‍ നിര്‍മിക്കപ്പെട്ടു. 2008ല്‍ കമ്മിഷന്‍ പൂര്‍ത്തിയാക്കിയ ഈ പ്ലാന്റ് സമുദ്രനിരപ്പില്‍ നിന്ന് 200 അടി ഉയരത്തിലും 20 അടി താഴ്ചയിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയും ഗുണമേന്മയില്ലാത്ത പൈപ്പുകളും കാരണം പ്ലാന്റ് നാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കയാണ്. ഇതോടെ മലിന ജലം താഴ്ന്നപ്രദേശങ്ങളിലെ കിണറുകളിലേക്ക് കിനി ഞ്ഞിറങ്ങാന്‍ തുടങ്ങി.
തെളിനീരില്‍ നിറഭേദം കണ്ടുതുടങ്ങിയതോടെ ആയിരുന്നു പ്ലാന്റിനെതിരേ ജനങ്ങള്‍ രംഗത്തെത്തിയത്. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യവാരം വറ്റുന്ന കിണറുകളില്‍പോലും ക്രമാതീതമായി വെള്ളം ഉയരുന്ന പ്രതിഭാസവും കണ്ടുതുടങ്ങി. വെള്ളത്തില്‍നിന്നു രൂക്ഷഗന്ധവും വമിച്ചതോടെ പരിശോധനയ്ക്കയച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. കോളിഫോം ബാക്ടീരിയയുടെ അളവ് നൂറിരട്ടിയോളമായിരുന്നു കിണറുകളില്‍ നിന്നു ശേഖരിച്ച വെള്ളത്തില്‍. ഇതോടെയാണ് ജന ആരോഗ്യ സംരക്ഷണ സമിതി എന്ന പേരില്‍ രാമന്തളി നിവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് വീണ്ടും സമരത്തിനിറങ്ങിയത്.
മൂഷിക രാജവംശം അടക്കിഭരിച്ചെന്നു കരുതുന്ന ഏഴിമലയില്‍ ചരിത്രശേഷിപ്പുകളായി നിരവധി ഗുഹകളും പാറക്കെട്ടുകളും നേരത്തെ കണ്ടെത്തിയിരുന്നു. ഒരാള്‍ക്ക് കിലോമീറ്ററുകളോളം നടന്നുപോകാന്‍ കഴിയുന്ന ഇത്തരം ഗുഹകളും പാറയിടുക്കുകളും ചേര്‍ന്ന പ്രദേശത്താണ് അക്കാദമി കെട്ടിപ്പൊക്കിയത്. ഇതിനാല്‍ മലിന ജലം എളുപ്പത്തില്‍ കിണറുകളിലെത്തുന്നെന്ന് നാട്ടുകാര്‍. ജനവാസ കേന്ദ്രത്തിലെ കിണറില്‍ നിന്നു 12 മീറ്റര്‍ മാത്രം ദൂരത്തിലാണ് അക്കാദമിയുടെ മാലിന്യപ്ലാന്റ് സ്ഥിതിചെയ്യുന്നത്. നിശ്ചിത അകലം പാലിക്കാതെ പ്ലാന്റ് നിര്‍മിച്ചതിനെതിരേയാണ് സമരം ശക്തമാകുന്നത്. സമീപത്തെ 200 ഓളം കുടുംബങ്ങളുടെ കിണറുകളെ നേരിട്ടു ബാധിക്കുന്ന വിഷയം നിയമസഭയിലും ലോക്‌സഭയിലുമെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രാമന്തളിയിലെത്തി ചര്‍ച്ച നടത്തുകയും ഒരു വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന്‍ ചെയര്‍മാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ കണ്‍വീനറുമായി അഞ്ചംഗ വിദഗ്ധ സമിതി ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏറെ പ്രതീക്ഷ അര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എവിടെയും പ്രശ്‌നപരിഹാരത്തിനായുള്ള യാതൊരു നടപടിയുമില്ലെന്നാണ് സമരക്കാരുടെ ആരോപണം. കേരളത്തിലെ വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമരക്കാരുമായും നാവിക അക്കാദമി അധികൃതരുമായു ം ചര്‍ച്ച നടത്തിയിരുന്നു. എങ്കിലും പ്രശ്‌നപരിഹാരം നീളുകയാണ്. പ്ലാന്റ് മാറ്റി
സ്ഥാപിക്കുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് രാമന്തളിക്കാര്‍ ഒന്നടങ്കം വ്യക്തമാക്കുന്നു.
തുമ്പികള്‍ പാറുകയും കുയിലുകള്‍ ഒച്ചവയ്ക്കുകയും ചെയ്തിരുന്ന ആ പഴയ ഗ്രാമത്തനിമ തിരിച്ചു ലഭിക്കണമെന്നാണ് ഓരോ രാമന്തളിക്കാരന്റെയും ഇന്നത്തെ പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."