ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി: ഒരാള്‍ പിടിയില്‍
ഗുരുവായൂര്‍: ബോംബുവച്ച് ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയയാളെ ഗുരുവായൂര്‍ പൊലിസ് അറസ്റ്റ്ചെയ്തു.
എറണാകുളം പറവൂര്‍ സ്വദേശി വെളിപ്പറമ്പില്‍ ജോസഫാ(ബാലന് 65)ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.15ന് ക്ഷേത്രം ഗോപുരത്തിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണി ഉയര്‍ത്തിയത്.
ഫോണ്‍ എടുത്ത ക്ഷേത്രം മാനേജര്‍ ടി.വി കൃഷ്ണദാസിനോട് ക്ഷേത്രത്തില്‍ അഴിമതിയും നെറികേടുമാണ് നടക്കുന്നതെന്നും അതിനാല്‍ ബോംബുവച്ച് തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. താങ്കളാരാണെന്ന ചോദ്യത്തിന് ഒരു തീവ്രവാദസംഘടനയിലെ അംഗമെന്ന് പറഞ്ഞ് ക്ഷുഭിതനായ പ്രതി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ സ്ത്രീകളെ ഉപയോഗിച്ച് ചാവേര്‍ബോംബ് സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പൊലിസിന് പരാതി നല്‍കുകയായിരുന്നു. വിളിവന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ച പൊലിസ് സിം ഉടമ ആലപ്പുഴ പുന്നപ്ര സ്വദേശി സന്തോഷ് എന്നയാളെ രാവിലെ തന്നെ ചോദ്യം ചെയ്തു.
ഇയാളില്‍നിന്നു ബന്ധുവാണ് സിം ഉപയോഗിക്കുന്നതെന്ന് അറിഞ്ഞ പൊലിസ് പറവൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രത്തിനകത്തും പുറത്തും പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."