സെക്ഷന്‍ 17-53 ഭൂപ്രശ്‌നത്തിന് പരിഹാരം വേണം: വ്യാപാരി സംഘം
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കുകളിലെ സെക്ഷന്‍ 17-53 വിഭാഗം ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി സംഘം തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പരിഹാരം കണ്ടിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരി സംഘം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഗൂഡല്ലൂര്‍ വ്യാപാരി ഭവന്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ വ്യാപാരി സംഘം ഭാരവാഹികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. വ്യാപാരി സംഘവും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സംയുക്തമായാണ് സമരം സംഘടിപ്പിക്കുക.
യോഗത്തില്‍ വ്യാപാരി സംഘം പ്രസിഡന്റ് കൃഷ്ണ പ്രദാപ് അധ്യക്ഷനായി. എ.ജെ തോമസ്, അബ്ദുര്‍റസാഖ്, കാസിം ബായ്, മുഹമ്മദലി, ബാദുഷ, അമീര്‍ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാതയിലെ രാത്രി യാത്രാ നിരോധം പിന്‍വലിക്കുക, പച്ചത്തേയിലക്ക് തറവില നിശ്ചയിക്കുക, വീട്, കെട്ടിടം എന്നിവയുടെ നികുതി 20 ശതമാനമാക്കുക, വീട്ട് നികുതി, കെട്ടിട നികുതി എന്നിവ 50 മുതല്‍ 100 ശതമാനം വരെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഗൂഡല്ലൂരിലെ ഭൂ പ്രശ്‌നം പാര്‍ലിമെന്റിലും നിയമസഭയിലും അവതരിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വന്യജീവി ആക്രമണം കാരണവും ഭൂമി പ്രശ്‌നം കാരണവും ഗൂഡല്ലൂര്‍ മേഖലയിലെ കര്‍ഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രയാസത്തിലായിരിക്കുകയാണെന്ന് യോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."