കിഫ്ബി: ധനമന്ത്രി എ.ജിയുമായി ചര്‍ച്ച നടത്തി സി.എ.ജിക്കെതിരേ നരിമാനെ സഹായത്തിനു വിളിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിനെതിരേ രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം നിയമപോരാട്ടം കൂടി നടത്താനുറച്ച് സംസ്ഥാന സര്‍ക്കാര്‍.
വിഷയത്തില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി. എസ് നരിമാനെ സഹായത്തിനു വിളിച്ചു. ഇന്നലെ ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറലുമായി നടത്തിയ ചര്‍ച്ചയിലാണ് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ നരിമാന്റെ ഉപദേശംതേടാന്‍ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് ഇതുസംബന്ധിച്ച് ഫാലി എസ് നരിമാനുമായി ആശയവിനിമയം നടത്തുകയും ഫയലുകള്‍ കൈമാറുകയും ചെയ്തു.
കിഫ്ബിയില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ധനസമാഹരണം നടത്തിയതു സംബന്ധിച്ചും കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് സംബന്ധിച്ചുമാണ് നരിമാന്റെ നിയമോപദേശം തേടുന്നത്. കിഫ്ബിക്കെതിരായ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ നരിമാനെ വിഡിയോ കോണ്‍ഫറന്‍സ് വഴി സര്‍ക്കാരിനു വേണ്ടി ഹാജരാക്കാന്‍ കഴിയുമോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
കിഫ്ബിക്കെതിരേ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സി.എ.ജിയുടെ നടപടി തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സി.എ.ജി ഈ വിഷയത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."