സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം നേടി കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം നേടി കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനത്തോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാംഗീകാരമായ എന്‍.ക്യു.എ.എസ് ബഹുമതി നേടിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് വര്‍ഷമാണ് അംഗീകാരത്തി ന്റെ കാലാവധി. ഇതോടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 12 സ്ഥാനങ്ങളും കേരളം നിലനിര്‍ത്തുകയാണ്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആറ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 62 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."