വിജ്ഞാന സമ്പാദനത്തിന് വേറിട്ട വഴി
ജ്ഞാന സമ്പാദനത്തിന് എക്കാലത്തും വേറിട്ട വഴികള്‍ നമുക്ക് കാണാനാകും. ചോദ്യോത്തരങ്ങളിലൂടെ പഠനത്തിന്റെ നിലവാരം അളക്കുകയും തന്റെ പോരായ്മകള്‍ കണ്ടെത്തി ജിജ്ഞാസ ജനിപ്പിച്ച് മനസിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നത് അതി വിദഗ്ദമായ പഠന മാര്‍ഗമാണ്. അറിയാനുള്ള താല്‍പര്യമാണ് അറിവ് സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം. അതിലേക്ക് പുതിയ പാത തുറന്നിടുകയാണ് ആയിരം ചോദ്യോത്തരങ്ങളിലൂടെ പ്രമുഖ ഭാഷാ പണ്ഡിതനായ ഡോ. കെ.വി വീരാന്‍ മുഹ്‌യുദ്ദീന്‍. തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ കരുത്തും കഠിനാധ്വാനത്തിന്റെ മികവും പ്രകടമാക്കുന്ന കൃതി ഇംഗ്ലീഷ്, അറബി, മലയാളം എന്നീ മൂന്ന് ഭാഷകളിലാണ് പുറത്തിറങ്ങിയത്.
അറബിക്, ഇസ്‌ലാമിക്, ജനറല്‍ ക്വിസ് എന്ന പേരില്‍ ആയിരം ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കൃതിയില്‍ ഒന്നാം ഭാഗത്തില്‍ 300, രണ്ടാം ഭാഗത്തില്‍ 200, മൂന്നാം ഭാഗത്തില്‍ 400 എന്നിങ്ങനെയാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ പ്രസിദ്ധീകരിച്ചതിനാല്‍ പഠന മാധ്യമം ഇംഗ്ലീഷ്, അറബി, മലയാളം എന്നിവ ഏത് തെരഞ്ഞെടുത്ത ആള്‍ക്കും എളുപ്പം മനസിലാക്കാന്‍ സാധിക്കും. ഓരോ ഭാഗത്തിന്റെയും അവസാനം ഉത്തരസൂചിക നല്‍കിയിട്ടുണ്ട്.
ചോദ്യോത്തരങ്ങള്‍ അറബിഭാഷ, ഇസ്‌ലാമികം, സാമാന്യ ശാസ്ത്രം എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ഇസ്‌ലാമികം എന്ന ഭാഗത്ത് വിശുദ്ധ ഖുര്‍ആന്‍, പ്രവാചക വചനങ്ങള്‍, ഇസ്‌ലാമിക ചരിത്രം, വിശ്വാസവും കര്‍മശാസ്ത്രവും എന്നിവയും അറബി ഭാഷ എന്ന ഭാഗത്ത് പദാവലിയും പ്രയോഗവും, വ്യാകരണം, അറബി സാഹിത്യം, ആധുനിക അറബി സാഹിത്യം എന്നിവയായും വേര്‍തിരിച്ചിരിക്കുന്നു.
അറബി ഭാഷയെയും ഇസ്‌ലാമിനെയും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്വിസ് മത്സരങ്ങള്‍ക്കും ഏറെ മുതല്‍ക്കൂട്ടാകുന്നതാണ് കൃതി എന്ന് തീര്‍ത്തു പറയാവുന്നതാണ്. ഒരേസമയം ലളിതവും കഠിനവും ആയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് എല്ലാ തലങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ഉപകരിക്കുന്നതാണ്. സാധാരണ ക്വിസ് പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. വിദ്യാര്‍ഥികളെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഭാഗങ്ങളും കൂടുതല്‍ പഠനം ആഗ്രഹിക്കുന്നവരെ അടിസ്ഥാനമാക്കി ലൈബ്രറി അധ്യാപക പതിപ്പും ആണ് ഉള്ളത്. ഇത് മൂന്ന് ഭാഷകളിലും ലഭ്യമാണ്. മത്സരപ്പരീക്ഷകളിലേക്ക് മുതല്‍ക്കൂട്ടാകുന്ന വിശദീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ അധ്യാപക എഡിഷന്‍ അറബി അധ്യാപകര്‍ക്ക് ഒരു വഴികാട്ടിയാകുമെന്ന് തീര്‍ച്ച.
അധ്യാപന രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ സാധിച്ച 2014ലെ രാഷ്ട്രപതിയുടെ ശ്രേഷ്ഠ ഭാഷാധ്യാപക ജേതാവ് കൂടിയായ പ്രൊഫ. ഡോ. കെ.വി വീരാന്‍ മുഹ്‌യിദ്ദീന്റെ കഠിന പ്രയത്‌നം ഇതില്‍ പ്രകടമാണ്. കോഴിക്കോട് അറബ് നെറ്റ് ആണ് പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."