പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു തുടക്കം
പൂക്കോട്ടൂര്‍ (മലപ്പുറം): നാടിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദത്തിന്റെ നിലനില്‍പ്പിനുമായി വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. പതിനേഴാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയും ഭീകരതയും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പ്രവണതകളാണ്. സൗഹാര്‍ദവും ഐക്യവും നാടിന്റെ നന്‍മയും നിലനില്‍ക്കണം. വഴിതെറ്റുന്ന നവീന പ്രവണതകളില്‍ നിന്നുമാറി സംശുദ്ധരാകുന്ന തലമുറയാണ് വളര്‍ന്നുവരേണ്ടത്. ആരാധന മനുഷ്യന്റെ ശുദ്ധീകരണ പ്രക്രിയയാണ്. തിന്‍മകളെ മായ്ച്ച് നന്‍മ നിറഞ്ഞ തുടര്‍ജീവിതത്തിനുള്ള അവസരം വിശുദ്ധ ഹജ്ജ് കര്‍മത്തിലൂടെ ലഭിക്കുന്നു. അനുഷ്ഠാന രീതികള്‍ കൃത്യമായി പിന്തുടര്‍ന്ന് അതിനുവേണ്ട തയാറെടുപ്പുകള്‍ ഹാജിമാര്‍ നടത്തണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
ഇന്നലെ രാവിലെ പത്തുമുതല്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് ഇസ്‌ലാമിക് സെന്റര്‍ കാംപസില്‍ ആരംഭിച്ച ക്യാംപില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കാനെത്തിയത്. ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ക്യാംപിനോടനുബന്ധിച്ച് സുപ്രഭാതം പുറത്തിറക്കിയ സ്‌പെഷല്‍ പതിപ്പ് സുപ്രഭാതം ചെയര്‍മാന്‍ കൂടിയായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു.
ഹജ്ജ് ഗൈഡ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് സി.ഡി സയ്യിദ് മുത്തുക്കോയ തങ്ങള്‍ താനൂര്‍ എന്നിവര്‍ പ്രകാശനം ചെയ്തു.
ടി.വി ഇബ്‌റാഹീം എം.എല്‍.എ, കാളാവ് സൈതലവി മുസ്‌ലിയാര്‍, കുട്ടി ഹാജി കാസര്‍കോട്, എ.എം കുഞ്ഞാന്‍, കെ. മുഹമ്മദുണ്ണി ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കെ.എം അക്ബര്‍, അബ്ദുറസാഖ് ബുസ്താനി, ഇഖ്ബാല്‍ ഹിറാഗോള്‍ഡ്, കെ.പി ഉണ്ണീതു ഹാജി, കെ. മമ്മത് ഹാജി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അഡ്വ.കാരാട്ട് അബ്ദുറഹ്മാന്‍ സംസാരിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസിനു നേതൃത്വം നല്‍കി. രണ്ടാംദിവസമായ ഇന്ന് രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കും.
വൈകിട്ട് നാലിന് സമാപനസംഗമം നടക്കും. കെ.എം അക്ബര്‍ അധ്യക്ഷനാകും. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനാ സംഗമത്തിനു നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."