HOME
DETAILS

ശവകല്ലറകള്‍ പറയുന്ന 1921 പോരാട്ട ചരിത്രം

  
backup
November 22 2020 | 02:11 AM

1921-stories-behind-grave


1498 ല്‍ പോര്‍ച്ചുഗീസുകാര്‍ മലബാറിന്റെ മണ്ണില്‍ വാണിജ്യാര്‍ഥം കാലുകുത്തുകയും തുടര്‍ന്ന് സാമൂതിരിയുമായി സൗഹൃദത്തിലാവുകയും അത് അധികാര സംഘര്‍ഷത്തിലേക്കു നീളുകയുംചെയ്തു. വൈദേശികശക്തി സാമൂതിരിക്കെതിരെ യുദ്ധംചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ പക്ഷംചേരുകയും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരിയുകയും ചെയ്തു.


പോര്‍ച്ചുഗീസുകാരുടെ പിന്മാറ്റത്തോടെ മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയും ടിപ്പുവും മലബാര്‍ ഭരിക്കുകയും പിന്നീട് 1799 ആംഗ്ലോ- മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടതോടെ മലബാറിന്റെ അധികാരം പരിപൂര്‍ണമായി ബ്രിട്ടീഷുകാരുടെ കൈകളിലാവുകയും ചെയ്തു.
ടിപ്പു മലബാറില്‍ നടപ്പില്‍വരുത്തിയ ഭൂപരിഷ്‌ക്കരണം തുടച്ചുനീക്കിയ ജാതീയതയും ഉച്ചനീചത്വവും ജന്മിത്തവും ബ്രിട്ടീഷുകാര്‍ തിരിച്ചുകൊണ്ടുവരികയും തല്‍ഫലമായി മലബാറില്‍, വിശേഷിച്ച് ഏറനാട്ടിലെയും വാളുവനാട്ടിലെയും കര്‍ഷകര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ പ്രഷോഭത്തില്‍ ഏര്‍പ്പെടുകയും ഉണ്ടായി.


ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പോരാട്ടമാണ് 1921ലെ മലബാര്‍ പോരാട്ടം. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍പ്പെട്ട പ്രദേശങ്ങളില്‍ സമരം ശക്തിപ്പെടുകയും തുടര്‍ന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കീഴില്‍ ആറു മാസക്കാലം കൊളോണിയല്‍ ഭരണത്തെ പരാജയപ്പെടുത്തി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭരിക്കുകയും ചെയ്തു.
ഈ ബ്രിട്ടീഷ്, ജന്മിവിരുദ്ധ പോരാട്ടത്തില്‍ നിരവധി മാപ്പിളമാരും കുടിയാന്മാരും രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാപ്പിളമാരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ ജീവന്‍ നഷ്ടമായ ബ്രിട്ടീഷ് പ്രമുഖരും അനവധിയുണ്ട്.
മാപ്പിളമാരുടെ വീര്യത്തിനു മുന്നില്‍ പരാജയമറിഞ്ഞ ബ്രിട്ടീഷ് സൈനിക ഉദോഗസ്ഥരുടെ ശവക്കല്ലറകള്‍ ഇന്നും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാകും.

പൂക്കോട്ടൂര്‍ യുദ്ധം

1921 ഓഗസ്റ്റ് 26നാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനുമുന്നില്‍ ധീരമായി പൊരുതിയ, നാനൂറിലധികം മാപ്പിളമാര്‍ രക്തസാക്ഷികളായ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലപ്പുറം ജില്ലയിലെ പലഭാഗത്തും മാപ്പിളമാരുടെ കീഴില്‍ നടന്ന ആക്രമണത്തെ അടിച്ചമര്‍ത്താനായി സൈനികരെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഈ വിവരമറിഞ്ഞ മാപ്പിളമാര്‍ പള്ളിയില്‍ യോഗം കൂടുകയും സൈനികരെ ആക്രമിക്കാന്‍ പദ്ധതിയിടുകയുംചെയ്തു. ബ്രിട്ടീഷ് സേന മലപ്പുറത്തേക്ക് എത്തിയാല്‍ ഏറനാടിന്റെ ഉള്‍ഗ്രാമങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് മാപ്പിളമാര്‍ക്ക് അറിയാമായിരുന്നു. അതിനെ തടയാന്‍ വേണ്ടി കൂടിയായിരുന്നു ഈ പോരാട്ടം. ഇതിനു വേണ്ടി അവര്‍ ഗറില്ലാ യുദ്ധമുറയാണ് പ്രയോഗിച്ചത്.
ബ്രിട്ടീഷ് സേനയുടെ മേധാവി ക്യാപ്റ്റന്‍ മെകെന്റോയും ലങ്കാസ്റ്ററുമായിരുന്നു ഈ സൈനികവ്യൂഹത്തെ നയിച്ചത്. ബ്രിട്ടീഷുകാരുടെ അടുത്ത് അത്യാധുനിക സൗകര്യമുള്ള യന്ത്രതോപ്പുകളും യുദ്ധ ഉപകരണങ്ങളും ഉണ്ടായിരുന്നു. 1921 ഓഗസ്റ്റ് 26ന് പുലര്‍ച്ചെ ബ്രിട്ടീഷ് പട്ടാള ലോറികള്‍ പൂക്കോട്ടൂരില്‍ എത്തിയപ്പോള്‍ റോഡിന് ഇരുവശവുമുള്ള വയലുകളില്‍ ഒളിച്ചിരുന്ന് മാപ്പിളമാര്‍ അവര്‍ക്കെതിരെ വെടിവയ്ക്കുകയായിരുന്നു. അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നാനൂറോളം വരുന്ന മാപ്പിളമാര്‍ രക്തസാക്ഷികളായി. ബ്രിഷുകാരുടെ കൂട്ടത്തില്‍ ഇരുപതില്‍ താഴെ സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സൈനിക മേധാവിയും 22 വയസുമാത്രം പ്രായമായ ലങ്കാസ്റ്ററും കൊല്ലപ്പെട്ടത് വലിയ നേട്ടമായി.
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ലങ്കാസ്റ്ററിന്റെ ശവകുടീരം ഇന്നും മലപ്പുറത്തെ സി.എസ്.ഐ ചര്‍ച്ച് സെമിത്തേരിയില്‍ കാണാം. കൂടാതെ ലണ്ടനിലുള്ള സെന്റ് മേരീസ് ചര്‍ച്ചിലും ലങ്കാസ്റ്ററിന്റെ സ്മരണ എന്നോണം പൂക്കോട്ടൂരില്‍ കൊല്ലപ്പെട്ടതാണെന്ന് എഴുതിവച്ചിട്ടുണ്ട്.

പാണ്ടിക്കാട്
ഗറില്ലായുദ്ധം

1921 ഓഗസ്റ്റ് 20 ന് ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നാലായിരത്തോളം വരുന്ന ധീരന്മാരെ പാണ്ടിക്കാട്ട് ഒത്തുചേര്‍ക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താനും സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ത് വിലകൊടുത്തു നേടാനും ഖിലാഫത്ത് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഈ ഐതിഹാസികമായ ഒത്തുചേരലില്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം ശക്തിപ്പെട്ടു.
1921 സെപ്റ്റംബര്‍ 23ന് പാണ്ടിക്കാട് വച്ച് മാപ്പിളമാരും ബ്രിട്ടീഷ് പട്ടാളവും തമ്മിലുണ്ടായ പോരാട്ടം ചരിത്രത്തില്‍ അതിപ്രധാനമാണ്. അമ്പുഷ് പോരാട്ടം എന്നറിയപ്പെടുന്ന ഈ സംഭവം ബ്രിട്ടീഷുകാര്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാണ്ടിക്കാടുള്ള മാപ്പിളമാരെയും ഖിലാഫത്ത് പ്രവര്‍ത്തകരെയും നേരിടാനായി അവിടെ നിലയുറപ്പിച്ച ഗൂര്‍ഖ പൊലിസിനും പ്രാദേശിക പൊലിസിനും പിന്‍ബലമായി ബ്രിട്ടീഷ് റോയല്‍ സേന പാണ്ടിക്കാട് എത്തുകയും ചെയ്തു.


മാപ്പിളമാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 23 ന് പുലര്‍ച്ചെ മൂന്നുമണിക്ക് പാണ്ടിക്കാടിനടുത്തുള്ള ഒറവംപുറമെന്ന സ്ഥലത്ത് ബ്രിട്ടീഷ് പട്ടാളം കലത്തില്‍ കുഞ്ഞാലിയെന്ന തോണിക്കാരനെയും കൊണ്ട് നിരീക്ഷണാര്‍ഥം ഇറങ്ങി. എന്നാല്‍ ബ്രിട്ടീഷുകാരുടെ പദ്ധതികള്‍ക്ക് തിരിച്ചടിയെന്നോണം കൂടെയുണ്ടായിരുന്ന കുഞ്ഞാലി കൗശലപൂര്‍വ്വം അവരെ വഴിതെറ്റിക്കുകയും മാപ്പിളമാര്‍ ഒളിച്ചിരുന്ന സ്ഥലത്തേക്ക് ദിശ തിരിക്കുകയും ചെയ്തു.
വിചാരിക്കാതെ ഉണ്ടായ ഒളിപ്പോരാട്ടത്തില്‍ ബ്രിട്ടീഷ് ഓഫീസറായ പീറ്റര്‍ ഹഗ് ബ്രൂംസ്ഫീല്‍ഡ് കൊല്ലപ്പെടുകയും ഒരു മാപ്പിള പോരാളി രക്തസാക്ഷിയാവുകയും പതിനഞ്ചോളം വരുന്ന മാപ്പിളമാരെ പിടിക്കുകയും ചെയ്തു.
മരണപ്പെട്ട ബ്രിട്ടീഷ് ഓഫീസറായ പീറ്റര്‍ ഹഗിന്റെയും ബ്രൂംസ്ഫീല്‍ഡിന്റെയും ശവക്കല്ലറകള്‍ മലപ്പുറത്തെ സി.എസ്.ഐ ചര്‍ച്ചിലെ സെമിത്തേരിയില്‍ കാണാനാവും. ബ്രിട്ടീഷുകാര്‍ക്ക് ശക്തമായ തിരിച്ചടി കൊടുത്ത ഈ പോരാട്ടത്തെ അന്നത്തെ സൈനിക ബ്രിട്ടീഷ് ഓഫീസര്‍ ആയിരുന്ന ഹിച്ച്‌കോക്ക് തന്റെ പുസ്തകമായ ദി ഹിസ്റ്ററി ഓഫ് മലബാര്‍ റെബെല്ലിയനില്‍ പാണ്ടിക്കാട് അമ്പുഷ് എന്നു പരാമര്‍ശിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ ചരിത്ര സംഭവം റോയിട്ടേഴ്‌സ് അടക്കമുള്ള പത്രങ്ങളും സെപ്റ്റംബര്‍ 25 ആം തിയതി ഡല്‍ഹി ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു.


1921 ല്‍ നടന്ന മലബാര്‍ സമരത്തില്‍ ഏറ്റവും പ്രധാനമാണ് ചന്തപ്പുരയിലെ ഗൂര്‍ഖ റെജിമെന്റ് ആക്രമണവും അമ്പുഷ് പോരാട്ടവും. മാപ്പിള പോരാട്ടത്തിന് ചുക്കാന്‍പിടിച്ച ഖിലാഫത്ത് നേതാക്കള്‍ക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശംകൂടിയായിരുന്നു പാണ്ടിക്കാട്.

വാരിയംകുന്നത്തിന്റെ
നിലമ്പൂര്‍ പിടിച്ചടക്കല്‍

മലബാര്‍ പോരാട്ടത്തിന്റെ ഏറ്റവും സുപ്രധാന സംഭവമായിരുന്നു മലയോര പ്രദേശമായ നിലമ്പൂരില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ കീഴ്‌പ്പെടുത്തുകയും അവിടെ അധികാരം സാധിക്കുകയും ചെയ്തത്. ചരിത്രത്തില്‍ ഈ സംഭവത്തെ ഒക്യുപേഷന്‍ ഓഫ് നിലമ്പൂര്‍ എന്നാണ് പറയപ്പെടുന്നത്. ഈ കനത്ത തിരിച്ചടിയില്‍ നിലമ്പൂര്‍ പ്രദേശം തിരിച്ചുപിടിക്കാനായി 1921 സെപ്റ്റംബര്‍ 16ന് കേണല്‍ ഹെര്‍ബെറ്റിനെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് നിലമ്പൂര്‍ തിരിച്ചുപിടിക്കാനായി ബ്രിട്ടീഷ് ഡോര്‍സെറ്റ് റെജിമെന്റ് സൈന്യം മലപ്പുറത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയും ചെയ്തു.


നിലമ്പൂരില്‍ എത്തിയ സൈന്യം ഖിലാഫത്ത് നേതാക്കളായ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയും പിടിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ അവരെ കണ്ടത്താനാവാത്തതുകൊണ്ട് കുറച്ചുദിവസം അവിടെ തുടര്‍ന്നു. സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി നിലമ്പൂരില്‍ വച്ച് മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ഒളിപ്പോരില്‍ സി.എം.എം ഗില്‍ എന്ന പട്ടാളക്കാരന്‍ കൊല്ലപ്പെടുകയും ഏഴു സൈനികര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.


ഒക്ടോബര്‍ ഒന്നിന് ബ്രിട്ടീഷ് സൈനികര്‍ തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് നിലമ്പൂരില്‍ നിന്ന് മലപ്പുറത്തേക്ക് തിരിച്ചു. ഈ വഴിമധ്യേ ബ്രിട്ടീഷ് സേനക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് മുന്നറിയിപ്പുകൊടുത്ത രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ വടപുരത്തു മരണപ്പെട്ടതായി കണ്ടെത്തുകയും തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവില്‍ അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ വെടിവയ്ക്കുകയും ഡോര്‍സെറ്റ് സൈനികരായ ലെഫ്റ്റനന്റ് കേണല്‍ ഹാര്‍വി, പ്രൈവറ്റ് സ്പാര്‍ക്ക് എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഡോര്‍സെറ്റ് റെജിമെന്റ് തലവന്‍ കേണല്‍ ഹെര്‍ബറ്റിന് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തെ ഹിച്ച്‌കോക്ക് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തില്‍ മാപ്പിളമാരുടെ തോക്കിന് ഇരയാകേണ്ടിവന്ന സി.എം.എം ഗില്‍, പ്രൈവറ്റ് സ്പാര്‍ക്ക്, ലെഫ്റ്റനന്റ് കേണല്‍ ഹാര്‍വി എന്നിവരുടെ ശവകുടീരങ്ങള്‍ മലപ്പുറത്തുള്ള സി.എസ്.ഐ ചര്‍ച്ചിലെ സെമിത്തേരിയിലുണ്ട്.

തിരൂരങ്ങാടി പ്രക്ഷോഭം

1921 ഓഗസ്റ്റ് 19ന് തിരൂരങ്ങാടിയിലേക്ക് ഡി.എസ്.പി ഹിച്ച്‌കോക്കിന്റെയും എ.എസ്.പി ആമുസാഹിബിന്റെയും നേതൃത്വത്തില്‍ ആലിമുസ്‌ലിയാരെയും കൂട്ടാളികളെയും പിടികൂടാനും സമരം അടിച്ചമര്‍ത്താനായും പുറപ്പെട്ടു. ഓഗസ്റ്റ് 30ന് ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി പള്ളി വളഞ്ഞു. ബ്രിട്ടീഷ് സൈന്യത്തിന്റെ അടുത്ത് അത്യാധുനിക ആയുധവും ഉണ്ടായിരുന്നു.


ഈ ദൗത്യത്തിനായി ഹിച്ച്‌കോക്കിനും ആമുസാഹിബിനും പുറമെ ലഫ്റ്റനന്റ് റാഡ് ക്ലിഫ് നയിച്ച ബറ്റാലിയനും ബ്രിട്ടീഷ് റെജിമെന്റ് സേനയും ഉണ്ടായിരുന്നു. ഇവരെല്ലാം സംയുക്തമായിട്ടാണ് തിരൂരങ്ങാടി പള്ളി വളയുകയും ആലി മുസ്‌ലിയാരെ പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.
പള്ളിയിലുള്ള ആലി മുസ്‌ലിയാരെയും അനുയായികളെയും വെള്ളപ്പതാക കാണിച്ച് കീഴടങ്ങാന്‍ ബ്രിട്ടീഷ് സൈന്യം കല്‍പ്പിച്ചു. എന്നാല്‍ അതിനു വിസമ്മതിക്കുകയും രാവിലെ വരെ കാത്തിരിക്കാന്‍ ബ്രിട്ടീഷ് സൈന്യത്തോട് പറയുകയും ചെയ്തു. ഈ അവസരത്തിലെല്ലാം പീരങ്കികളും സര്‍വ സന്നാഹങ്ങളുമായി പള്ളിക്കു പുറത്തു സൈന്യം നിലയുറപ്പിച്ചു.


പ്രഭാത നിസ്‌കാരത്തിനും പ്രാര്‍ഥനക്കും ശേഷം ബ്രിട്ടീഷ് സൈന്യം പള്ളിക്ക് വെടിവയ്ക്കുകയും തകര്‍ക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. വെടിവയ്പ്പില്‍ പള്ളി തകര്‍ക്കുന്നത് ഒഴിവാക്കാന്‍ ആലിമുസ്‌ലിയാരും കൂട്ടാളികളും കീഴടങ്ങി. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ബ്രിട്ടീഷ് ഓഫിസര്‍ വില്യം റൗളി, ഡോര്‍സെറ്റ് റെജിമെന്റ് ഉദോഗസ്ഥരായ ഏലി, ഹുച്ചിങ് തുടങ്ങി ആറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കീഴടങ്ങിയ ആലി മുസ്‌ലിയാരെയും അനുയായികളെയും 1922 ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി.
തിരൂരങ്ങാടി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഉദോഗസ്ഥരായ വില്യം റൗളിയുടെ ശവകുടീരം തിരൂരങ്ങാടി പഴയ താലൂക്ക് ഓഫിസിന്റെ മുന്നില്‍ കാണാം. കൂടാതെ ഏലി, ഹുച്ചിങ് എന്നിവരുടെ ശവകുടീരം തിരൂരങ്ങാടി ചന്തപ്പടിയില്‍ ഇന്നും നിലവിലുണ്ട്.
1812 നിര്‍മിച്ച സെന്റ് മേരിസ് കാതറല്‍ ചര്‍ച്ചില്‍ 1921 മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് റോയല്‍ ആര്‍മിയായ ഡോര്‍സെറ്റ് റെജിമെന്റ് സൈനികരുടെ പേരുകള്‍ വെങ്കലത്തില്‍ കൊത്തിവച്ചിട്ടുണ്ട്.


സര്‍വസന്നാഹങ്ങളും സൈനികരും കൂടി സാമൂഹികമായും സാമ്പത്തികമായും കായികമായും ഉന്മൂലനം ചെയ്യാന്‍ നോക്കിയ കൊളോണിയല്‍ ശക്തികളെ പോരാട്ടവീര്യത്തിലൂടെ ഒതുക്കിയതിന്റെ ഓര്‍മയെന്നോണം കഴിഞ്ഞ 100 കൊല്ലമായി ഈ ശവക്കല്ലറകള്‍ അവശേഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  22 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  22 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  22 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  22 days ago