തും ഏക് ഗോരഖ് ദണ്ഡാ ഹോ > ഭാഗം രണ്ട്
പാകിസ്താനി കവി നാസ് ഖിയാല്‍വി എഴുതിയ 'തും ഏക് ഗോരഖ് ദണ്ഡാ ഹോ' എന്ന് തുടങ്ങുന്ന സൂഫിയാന കലാമിന്റെ അവസാനഭാഗമാണിത്. ഒന്നാം ഭാഗത്തിലെ പരിദേവനങ്ങള്‍ ഇവിടെയും തുടരുന്നു. പടച്ചവന്റെ സൃഷ്ടികര്‍മത്തിലും ലോകത്തിന്റെ യുക്തികളിലുമുള്ള വമ്പിച്ച പൊരുത്തക്കേടുകളെയും അങ്കലാപ്പുകളെയും ചൊല്ലി വിലപിക്കുന്ന കവി നാഥന്റെ രഹസ്യമര്‍മങ്ങള്‍ മനസ്സിലാക്കാനുള്ള തന്റെ കഴിവില്ലായ്മകളിലേക്കും അറിവില്ലായ്മകളിലേക്കും കൂടി എത്തിച്ചേരുന്നുണ്ട്. മുമ്പേ പറഞ്ഞ പോലെ, പരാതിയുടെ വേഷം കെട്ടിയ ഈ സ്തുതിഗീതം ഒടുവില്‍ പരിദേവങ്ങളെ തീര്‍ത്തും മാറ്റിവച്ച് നേരിട്ടുള്ള പ്രാര്‍ഥനയും നിലവിളിയുമായി ഒടുങ്ങുന്നു. ഒന്നാം ഭാഗത്തിലെന്ന പോലെ വിവിധ സൂഫികളിലേക്കുള്ള കഥാപാത്രസൂചനകള്‍ ഇവിടെയുമുണ്ട്. പഞ്ചാബി സൂഫി കവി സുല്‍ത്താന്‍ ബാഹു, ഷംസ് തബ്‌റീസ്, ഔരംഗസേബിനാല്‍ വധിക്കപ്പെട്ടതായി കരുതപ്പെടുന്ന പേര്‍ഷ്യന്‍ മിസ്റ്റിക് കവി സര്‍മദ് തുടങ്ങിയവരാണ് ഇതില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍.
അല്ലാഹുവേ,
നീ തന്നെ നിന്റെ മറ
നീയെന്തൊരു നിഗൂഢസമസ്യ...
ഞാനിപ്പറയുന്നതു നിനക്കിഷ്ടമില്ലാത്തതാകാം
എന്നാലുമെനിക്ക് പരാതിപ്പെടാതെ വയ്യ:
ദിവ്യസിംഹാസനത്തില്‍ നീ
വെറുതെനോക്കിയിരുന്നില്ലേ,
നിന്റെനബിയുടെ പേരമകന്‍
കര്‍ബലയില്‍ ദാഹിച്ചുവലയുന്നത്?
കൂട്ടുനിന്നവര്‍ക്കൊക്കെയും
സ്വന്തം ചോരകൊണ്ട് ഹുസൈന്‍
ദാഹമകറ്റിയില്ലേ,
സ്വയം മൂന്നുനാള്‍ ദാഹിച്ചുവലഞ്ഞിരുന്നില്ലേ?
ശത്രു ശത്രുതന്നെയാണല്ലോ എപ്പോളും,
അവര്‍ വരില്ലല്ലോ വെള്ളവും കൊണ്ട്!
എന്റെ സങ്കടമിതാണ്
നീയുണ്ടായിരുന്നില്ലോ എല്ലാം കണ്ടുകൊണ്ട്
ഒരുതുള്ളിവെള്ളമെന്തേ നീ കൊടുത്തില്ല?
അക്രമികളെപ്പോളും അക്രമത്തിന്
അനന്തരമെടുക്കുന്നു,
മര്‍ദിതര്‍ക്കോ ശാന്തിയില്ല ശമനമില്ല.
ഇന്നലെ തലയില്‍ കിരീടമണിഞ്ഞു കണ്ടവന്‍
ഇന്ന് കയ്യില്‍ പിച്ചപ്പാത്രവുമായി നടക്കുന്നു.
ഇതൊക്കെ എന്താണെന്ന് നിന്നോട്
ചോദിച്ചാലുത്തരം
ഈ രഹസ്യമര്‍മമാര്‍ക്കും പരിചയമരുതെന്ന്!
നീയെന്തൊരു നിഗൂഢസമസ്യ...
അനന്തവിസ്മയങ്ങളുടെ മഹാലോകം നീ,
നീയെന്തൊരു നിഗൂഢസമസ്യ...
നീയുണ്ടോരോ അണുവിലുമെന്നിട്ടും
നിന്റെ മേല്‍വിലാസമറിയില്ല,
പേരുകേട്ടിട്ടുണ്ട് നിന്റെ
പാടുകണ്ടതില്ലെങ്ങും.
നീയെന്തൊരു നിഗൂഢസമസ്യ...
ഉള്ളില്‍ നിന്നൊരാശ പുറത്തിറങ്ങി
തിളങ്ങുന്നു മിന്നാമിനുങ്ങായ്,
കണ്ണുകളിലതു പാറിവന്ന്
കണ്ണീരായി തുളുമ്പുന്നു.
'യാഹൂ' എന്ന നിന്റെ ദിക്‌റില്‍ മുഴുകി
യൊരുവന്‍ സ്വയം പാഴാകുമ്പോള്‍
കീര്‍ത്തിമുദ്രകള്‍ ചാര്‍ത്തി
സുല്‍ത്താന്‍ ബാഹുവിനെപ്പോലെയാകുന്നു.
നീയെന്തൊരു നിഗൂഢസമസ്യ...
അല്ലലേതുമില്ലാതെ വാഴുന്നു നീ,
നിന്റെ ചരിതങ്ങളെത്ര ദീര്‍ഘം,
നീയെന്തൊരു നിഗൂഢസമസ്യ...
നിന്നെത്തിരഞ്ഞുള്ള പാതയില്‍
ഓരോ കാലടിയിലും കാണുന്നതലങ്കോലങ്ങള്‍.
ആശയങ്ങള്‍ക്കും അവസ്ഥകള്‍ക്കുമിടയില്‍
ഒരു പൊരുത്തവുമില്ല.
ഒരു ദുരിതചിത്രമായി
നില്‍ക്കുന്നു ഞാനിവിടം.
ലോകത്തിന്റെ കണ്ണാടിയിലുറ്റുനോക്കുമ്പോള്‍
മണ്ണിലനവധി വൈരുധ്യങ്ങളുടെ
സങ്കലനം കാണുന്നു.
ഒരൊറ്റ മുറ്റം പലതായി മുറിച്ചിട്ടത് കാണുന്നു.
ഒരിടത്തു യാതനയുടെ നോവുന്ന ശിശിരം,
ഒരിടത്തു കരുണയുടെ തീരാവര്‍ഷം.
ഇവിടെ ചിരിച്ചൊഴുകുന്ന പുഴകള്‍,
അവിടെ മൗനിയായി മലകള്‍.
ഒരിടത്തു കാട്, മറ്റൊരിടത്തു മരുഭൂമി,
വേറൊരിടത്തു പനിനീര്‍തോട്ടങ്ങള്‍.
നിന്റെ ഭാഗിക്കലിന്റെ രീതികണ്ടിട്ടെന്റെ
കണ്ണില്‍നിന്ന് ചോരപൊടിയുന്നു.
ഇവിടെ ധനികര്‍, അവിടെ ദരിദ്രര്‍.
പകലിന്റെ കയ്യിലൊരു കത്തുന്ന സൂര്യന്‍
രാത്രിയുടെ വിധിയിലനവധി താരകങ്ങള്‍.
ഒരിടത്തു നേരിന്റെ വാടിയ പൂക്കള്‍
ഒരിടത്തു ചതിയുടെ വളരുന്ന മുള്ളുകള്‍.
ഇവിടെ ഷംസിന്റെ തൊലിയുരിയുന്നതു
കാണുന്നു
അവിടെ സര്‍മദിന്റെ തലയുരുളുന്നതു
കാണുന്നു.
രാവെന്നു പറയുന്നതെന്താണ്,
പുലരിയെന്താണ്?
വെളിച്ചമെന്താണിരുട്ടെന്താണ്?
ഞാനും നിന്റെ പ്രതിനിധിയല്ലേ,
എന്നിട്ട് എന്റെതെന്താണെന്നു
നീ ചോദിക്കുന്നതെന്തേ?
നീയെന്തൊരു നിഗൂഢസമസ്യ...
നിന്നെ നോക്കുന്നവരെന്തു കാണാനാണ്,
എല്ലായിടവും മറക്കകത്തല്ലേ നീ?
നീയെന്തൊരു നിഗൂഢസമസ്യ...
എല്ലായിടത്തും നീയാണ്:
ദേവാലയത്തിലും
മദ്യശാലയിലും,
പള്ളിയിലുമമ്പലത്തിലും,
നിന്റെ സിംഹാസനത്തിലും
എന്റെ ചെളിക്കുണ്ടിലും.
ചിലര്‍ ഇതില്‍ രമിക്കുന്നു
ചിലര്‍ അതില്‍ ലയിക്കുന്നു.
എല്ലാവര്‍ക്കും നിന്റെ പ്രേമത്തിലാണ് ലഹരി
എന്നിട്ടുമെന്തിനിത്ര കലഹങ്ങളുലകത്തില്‍?
തേടിച്ചെല്ലാവുന്നതിനങ്ങേയറ്റം
എത്തുന്നവര്‍ക്കായി നീയുണ്ടെപ്പോളുമവിടെ...
നീയെന്തൊരു നിഗൂഢസമസ്യ...
ഓരോ നിറത്തിലും അനന്യമായി നീ
നീയെന്തൊരു നിഗൂഢസമസ്യ...
നീയെന്റെ തേട്ടങ്ങളുടെ കേന്ദ്രം,
ലോകത്തിന്റെ നിറവും മണവും.
ശ്വാസമോരോന്നിലും നിന്റെ സാന്നിധ്യം
ചുറ്റുപാടുമെപ്പോളും നീ.
നിന്റെ സവിധത്തിലില്ല നീയല്ലാതൊന്നും.
നീയെത്ര സുന്ദരം, നീയതിമനോഹരം.
ആകാശങ്ങളുടെ ആഢംബരം,
മണ്ണിന്റെ മഹിമ.
നീയിരുലോകങ്ങളുടെയും
ആഗ്രഹപൂര്‍ത്തീകരണം.
നിനക്കായ് കണ്ണീരില്‍ വുളുവെടുക്കുന്നു
എന്റെ കണ്ണുകള്‍.
ഇനിയെനിക്കുതരൂ
നിന്റെ സാമീപ്യത്തിന്റെ
ഒരുതരി തെളിവ്.
മറമാറ്റി വന്നെന്റെ കണ്‍മുമ്പാകെ നില്‍ക്കൂ..
ഒരുകുഞ്ഞുസംഭാഷണവും
കൊച്ചുകൂടിക്കാഴ്ചയുമെനിക്കേകൂ..
നാസ്
പാടുമനുരാഗവിവശതയിലെങ്ങുമെമ്പാടും
അവനേകന്‍, അവനേകന്‍,
അവനില്ല പങ്കുകാര്‍.
അവന്‍ അല്ലാഹു
അവന്‍ അല്ലാഹു
അവന്‍ അല്ലാഹു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."